ന്യൂഡല്‍ഹി : വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിജയത്തിനായി ഒരിടത്തും പാറപോലുറച്ചവരെ പാര്‍ട്ടി നിയോഗിക്കില്ല. പകരം പുതുമ നിലനിര്‍ത്തി മാറ്റം ഉള്‍ക്കൊണ്ട് സ്ഥാനാര്‍ഥികളെ നിര്‍ത്തും.സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നും പ്രിയങ്ക അറിയിച്ചു.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്നത് പ്രിയങ്ക ഗാന്ധി നേരിട്ടാണ്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും നേരത്തേതന്നെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണം ആരംഭിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് പോരും യുപിയില്‍ ശക്തമാണെന്ന വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.
Also Read: യുപി തെരഞ്ഞെടുപ്പ്; ചർച്ചകളുമായി പ്രിയങ്ക ഗാന്ധി
ലഖിംപുര്‍ ഖേരിയിലെ സംഘര്‍ഷം മുതല്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ ഇന്ധനവില വര്‍ധന, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണ് കോണ്‍ഗ്രസ് ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നത്.
അതേസമയം കോണ്‍ഗ്രസിന്‍റെ സീറ്റ് വിഭജനത്തിന് ശേഷം തങ്ങളുടേതെന്ന നിലപാടിലാണ് സംസ്ഥാനത്ത് ഇത്തവണ ബിജെപി. കൂടാതെ കോണ്‍ഗ്രസിനെതിരെ വലിയ രീതിയിലുള്ള ഓണ്‍ലൈന്‍ പ്രചാരണവും പാര്‍ട്ടിയുടെ സൈബര്‍ വിഭാഗം നടത്തുന്നുണ്ട്. ഇത് നേരിടാനുള്ള പദ്ധതികളും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
കോണ്‍ഗ്രസിനോടടുക്കാതെ എസ്.പിയും ബി.എസ്.പിയും
കേന്ദ്രത്തില്‍ എന്‍ഡിഎക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും എസ്.പി ബി.എസ്.പി പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി ഇത്തവണയും നീക്കുപോക്കിന് മുതിര്‍ന്നിട്ടില്ല. സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തി പരമാവധി ന്യൂനപക്ഷ വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കാനാണ് ഇത്തരം പാര്‍ട്ടികളുടെ നീക്കം. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു.
യാദവ മുസ്ലിം വോട്ടുകള്‍ ഏത് തന്ത്രം ഉപയോഗിച്ചും തങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കുകയെന്നതാണ് ഇത്തവണ സമാജ്‌വാദി പാർട്ടിയുടെ ലക്ഷ്യം. ബിഎസ്‌പിയ്‌ക്കാകട്ടെ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് പരമ്പരാഗതമായി ലഭിക്കാറുണ്ട്. ഇത് ഇത്തവണയും കിട്ടുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. ഇതും കോണ്‍ഗ്രസിനെ മുന്‍ കാലങ്ങളിലെ പോലെ പ്രതിരോധത്തിലാക്കും.
എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് ഏറ്റവും വലിയ വിജയം ഉറപ്പാക്കാനായി എല്ലാ തന്ത്രങ്ങളും പുറത്തെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കാശിയില്‍ വന്‍ റാലി സംഘടിപ്പിച്ചിരുന്നു.