ന്യൂഡൽഹി: രാഹുൽഗാന്ധിയെ വീണ്ടും എഐസിസി അധ്യക്ഷനാക്കണമെന്ന ആവശ്യത്തിൽ പ്രമേയം പാസാക്കി സംസ്ഥാന ഘടകങ്ങൾ. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പരിഗണിക്കണമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെയാണ് സംസ്ഥാനങ്ങളുടെ ഈ ആവശ്യം. രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഗുജറാത്ത് ഘടകങ്ങൾക്ക് പിന്നാലെ തമിഴ്‌നാട്, മഹാരാഷ്‌ട്ര, ബിഹാർ, ജമ്മു കശ്‌മീർ, മുംബൈ എന്നീ സംസ്ഥാന കോൺഗ്രസ് ഘടകങ്ങളാണ് രാഹുൽഗാന്ധിയെ എഐസിസി അധ്യക്ഷനാക്കണമെന്ന പ്രമേയം പാസാക്കിയത്.
സംസ്ഥാന അധ്യക്ഷന്മാരെയും എഐസിസി പ്രതിനിധികളെയും നിയമിക്കാൻ വരാനിരിക്കുന്ന കോൺഗ്രസ് പ്രസിഡന്‍റിനെ അധികാരപ്പെടുത്തുന്ന പ്രമേയങ്ങൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതിനിധികൾ പാസാക്കും എന്ന് പറഞ്ഞതിന് പിന്നാലെയാണ് രാഹുലിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ഉയർന്നത്. ഇത്തരം പ്രമേയങ്ങൾ പാസാക്കിയത് ഗാന്ധി കുടുംബത്തോടുള്ള വിശ്വസ്‌തത വീണ്ടും ഉറപ്പിക്കുന്നതിനുള്ള ശ്രമമാണെന്നും പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണെന്നും ഉൾപ്പടെ നിരവധി അഭിപ്രായങ്ങൾ വിഷയത്തിൽ ഉയർന്നു വരുന്നുണ്ട്. 2017ൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി അവരോധിക്കപ്പെടുന്നതിന് മുമ്പും സമാനമായ പ്രമേയങ്ങൾ പാസാക്കിയിരുന്നു.
2019-ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ പരാജയത്തിന് ശേഷമാണ് രാഹുൽ അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ താൻ തീരുമാനം എടുത്തിട്ടുണ്ടെന്നും അഥവാ മത്സരിച്ചില്ലെങ്കിൽ അതിന് വ്യക്തമായ വിശദീകരണം നൽകുമെന്നും ഈ മാസം ആദ്യം കന്യാകുമാരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സോണിയ ഗാന്ധി അനുവാദം നൽകിയതായും വാർത്തകളുണ്ട്.