കന്യാകുമാരി: ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ഭരണ സംവിധാനങ്ങളെ ബി.ജെ.പിയും ആർ.എസ്.എസും ആക്രമിക്കുകയാണെന്നും ദേശീയ പതാക അവരുടെ തറവാട്ടു സ്വത്താണെന്നാണ് വിചാരമെന്നും രാഹുൽ കന്യാകുമാരിയിൽ നടന്ന ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ ആരോപിച്ചു.
'ഇന്ത്യയെന്നാൽ ഈ കൊടിയെ സംരക്ഷിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ്. ഇന്ത്യയെന്നാൽ ഈ കൊടിക്ക് കാവൽ നിൽക്കുന്ന നീതിന്യായ വ്യവസ്ഥയാണ്. എന്നാൽ ഇന്ന് നമ്മുടെ സംവിധാനങ്ങളെയെല്ലാം ബിജെപിയും ആർഎസ്എസും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ കൊടി അവരുടെ തറവാട്ടു സ്വത്താണെന്നാണ് വിചാരം. ഈ ജനതയുടെ ഭാവിയും ഈ രാജ്യത്തിന്റെ അവസ്ഥയും ഒറ്റയ്ക്ക് നിർണയിക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ് അവർ കരുതുന്നത്' രാഹുൽ ഗാന്ധി പ്രസംഗത്തിൽ വിമര്‍ശിച്ചു.
ഭാരത് ജോഡോ യാത്രയ്‌ക്ക് ആവേശം പകരാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി സന്ദേശമയച്ചു. ഭാരത് ജോഡോ യാത്ര പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ട്. 3,500 കിലോമീറ്ററുള്ള പദയാര്‍ത്ത ചരിത്ര നിമിഷമാണ്. കന്യാകുമാരിയില്‍ നടന്ന ഉദ്‌ഘാടന ചടങ്ങിന് ആശംസ അറിയിച്ചുകൊണ്ടായിരുന്നു സോണിയ ഗാന്ധിയുടെ സന്ദേശം.
'എന്‍റെ ചിന്തയാലും ആത്മാവിനാലും ഞാന്‍ ദിവസവും റാലിയില്‍ പങ്കെടുക്കും. ചരിത്രപരമായ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്ന ഈ സുപ്രധാന നിമിഷത്തില്‍ നിങ്ങളോടൊപ്പം പങ്കെടുക്കാന്‍ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹത്തായ പാരമ്പര്യമുള്ള നമ്മുടെ പാർട്ടിക്ക് ഇത് ഒരു സുപ്രധാന അവസരമാണ്'. "ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പരിവർത്തന നിമിഷം" എന്നും സോണിയ ഗാന്ധി ഈ അവസരത്തെ വിശേഷിപ്പിച്ചു.
കന്യാകുമാരി മുതല്‍ കാശ്‌മീര്‍ വരെ മുഴുവന്‍ പദയാത്ര പൂർത്തിയാക്കുന്ന 120ഓളം പാർട്ടി സഹപ്രവർത്തകരെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നും പദയാത്രയില്‍ പങ്കുചേരുന്ന ആളുകളെയും അവര്‍ പ്രേത്സാഹിപ്പിച്ചു. യാത്ര സമാപിക്കുന്ന നിമിഷങ്ങള്‍ താന്‍ തത്സമയം കാണുമെന്നും ഒറ്റക്കെട്ടായി മുന്‍പോട്ട് നീങ്ങാമെന്നും കോണ്‍ഗ്രസ് അധ്യക്ഷ കൂട്ടിച്ചര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ഏതൊരു രാഷ്‌ട്രീയ പാർട്ടിയും ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയതെന്ന് കോൺഗ്രസ് വിശേഷിപ്പിക്കുന്ന പദയാത്ര ദേശീയ പതാക കൈമാറിയാണ് ഔഗ്യോഗികമായി തുടക്കമായത്.
രണ്ടാം സ്വാതന്ത്ര്യ സമരം: അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തിന്‍റെ രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും ഈ യാത്ര വിഘടന ശക്തികളെ പരാജയപ്പെടുത്തുന്നതു വരെ പോരാടുമെന്നും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം വ്യക്തമാക്കി. 'രണ്ടാം സ്വാതന്ത്ര സമരത്തില്‍ ബിജെപിയ്‌ക്ക് ഒരു പങ്കുമില്ല. ഈ യാത്ര ബിജെപിയിലെ നല്ലൊരു വിഭാഗത്തിന്‍റെ കൊഴിഞ്ഞു പോക്കിന് കാരണമാകുമെന്ന്' ബിജെപിയുടെ വിമര്‍ശനത്തെ പരിഹസിച്ചുകൊണ്ട് ചിദംബരം പറഞ്ഞു.
'കോണ്‍ഗ്രസ് ഒരുമിക്കാമെന്ന് പറയുമ്പോള്‍ ബിജെപി ഭിന്നിക്കാമെന്ന് പറയുന്നു. രാജ്യത്തെ വിഭജിക്കാനുള്ള കാവി പാർട്ടിയുടെ ശ്രമം വിജയിക്കില്ല. രാഷ്‌ട്രം ഒറ്റക്കെട്ടായി തുടരാൻ ആഗ്രഹിക്കാത്തതിനാലാണ് ബിജെപി നേതാക്കൾ കോൺഗ്രസ് യാത്രയെ വിമര്‍ശിക്കുന്നതെന്ന്' ചിദംബരം അഭിപ്രായപ്പെട്ടു.