ജയ്‌പൂർ (രാജസ്ഥാൻ): മന്ത്രി രാജേന്ദ്ര ഗുധയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നീക്കത്തെ ന്യായീകരിച്ച് രാജസ്ഥാൻ കോൺഗ്രസ്. ഗുധയെ നേരത്തെ നീക്കേണ്ടതായിരുന്നുവെന്നും അദ്ദേഹത്തിന് ഒന്നിലധികം അവസരങ്ങൾ നൽകിയെന്നും രാജസ്ഥാൻ കോൺഗ്രസ് ഇൻചാർജ് അമൃത ധവാൻ പറഞ്ഞു. 'കോൺഗ്രസിന്‍റെ ഭാഗമായിരുന്ന് അദ്ദേഹം ബിജെപിയുടെ ഭാഷ സംസാരിച്ചാൽ അത് അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന് ഒന്നിലധികം അവസരങ്ങൾ നൽകി, നേരത്തെ പുറത്താക്കേണ്ടതായിരുന്നു' -അമൃത ധവാന്‍ വ്യക്തമാക്കി.
അതേസമയം യാഥാർഥ്യം തുറന്നുകാട്ടിയതിന് രാജേന്ദ്ര ഗുധയ്‌ക്ക് നല്‍കേണ്ടി വന്ന വിലയാണ് ഇതെന്ന് പ്രതിപക്ഷമായ ബിജെപി പറഞ്ഞു. രാജസ്ഥാനിലെ സ്‌ത്രീകളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിച്ചതിനാണ് രാജേന്ദ്ര ഗുധയെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജസ്ഥാൻ മുഖ്യമന്ത്രി പുറത്താക്കിയതെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.
വിഷയത്തില്‍ പ്രതികരിച്ച് ഗുധയും രംഗത്ത് എത്തിയിരുന്നു. സത്യം പറഞ്ഞതിനാണ് താന്‍ ശിക്ഷിക്കപ്പെട്ടത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 'ഞാൻ എപ്പോഴും സത്യം പറയുന്നു. അതാണ് ഞാൻ. ഞാൻ എന്റെ മനസാക്ഷിയെ പിന്തുടരുന്നു. സത്യം പറഞ്ഞതിന് എനിക്ക് ശിക്ഷ ലഭിച്ചു' -ഗുധ മാധ്യമങ്ങളോട് പറഞ്ഞു. 'സർക്കാർ ന്യൂനപക്ഷമായിരുന്നപ്പോൾ, സർക്കാരിനെ രക്ഷിക്കാൻ ഞാനും എന്റെ സഹപ്രവർത്തകരും പ്രവർത്തിച്ചു' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സ്‌ത്രീകളുടെ സുരക്ഷ അപകടത്തില്‍ ആണെന്നായിരുന്നു രാജേന്ദ്ര ഗുധയുടെ പ്രസ്‌താവന. മണിപ്പൂരിലെ സ്‌ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് സ്വന്തം സംസ്ഥാനത്തിന്‍റെ അവസ്ഥ ശ്രദ്ധിക്കണം എന്നും ഗുധ പറയുകയുണ്ടായി. ഗുധ നിയമസഭയില്‍ നടത്തിയ ഈ പ്രസ്‌താവനയ്‌ക്ക് പിന്നാലെ ഗുധയെ പുറത്താക്കാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ശുപാർശ രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര അടിയന്തര പ്രാബല്യത്തോടെ അംഗീകരിച്ചു. 'ജൂലൈ 21-ന് വൈകുന്നേരം മന്ത്രിസഭ അംഗമായ രാജേന്ദ്ര സിങ് ഗുധയെ പുറത്താക്കാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവർണർ കൽരാജ് മിശ്രയോട് ശുപാർശ ചെയ്‌തു. മുഖ്യമന്ത്രി ഗെലോട്ടിന്‍റെ ഈ ശുപാർശ ഗവർണർ അംഗീകരിച്ചു' -രാജസ്ഥാൻ രാജ്ഭവൻ പ്രസ്‌താവനയിൽ വ്യക്തമാക്കി.
മണിപ്പൂരില്‍ സംഭവിച്ചത്: സംസ്ഥാനത്ത് നടക്കുന്ന വര്‍ഗീയ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ജനമധ്യത്തിലൂടെ നടത്തിയ സംഭവം രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള കാന്‍ഗ്‌പോക്‌പി ജില്ലയില്‍ മെയ് 2ന് നടന്ന സംഭവമാണിതെന്നാണ് കുക്കി സംഘടനയായ ഐടിഎല്‍എഫ് ആരോപിക്കുന്നത്. മെയ് മാസത്തിന്‍റെ തുടക്കത്തിലാണ് മണിപ്പൂരില്‍ കുക്കി-മെയ്‌തി വിഭാഗങ്ങള്‍ തമ്മില്‍ കലാപങ്ങളും സംഘര്‍ഷവും ഉടലെടുത്തത്. സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്‌നരാക്കി നടത്തിയ സംഭവത്തിന് പിന്നില്‍ മെയ്‌തി വിഭാഗമാണെന്നാണ് കുക്കി വിഭാഗത്തിന്‍റെ ആരോപണം.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം ആളിക്കത്തിയത്. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ പിടിയിലായ നാല് പ്രതികളെയും 11 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.