ന്യൂഡൽഹി: ഭരണകക്ഷിയായ ബിജെപിയെ പ്രശംസിച്ച പാർട്ടിയിലെ യുവനേതാവ് ഹാർദിക് പട്ടേലിന്‍റെ പ്രകോപനപരമായ പരാമർശങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഗുജറാത്ത് കോൺഗ്രസ്. നേരത്തേ കോൺഗ്രസ് നേതൃത്വവുമായി ഹാർദിക്കിന് അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനുപിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിജെപി നേതാക്കളെയും ആശയങ്ങളെയും പ്രശംസിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ പരസ്യ പ്രസ്‌താവനകളാണ് കോൺഗ്രസിൽ സംശയം ജനിപ്പിച്ചിരിക്കുന്നത്.
തലവേദനയായി ഹാർദിക്: ബിജെപിയിലെ സംഘടന ശക്തിയും വേഗത്തിലുള്ള തീരുമാനമെടുക്കലും മാത്രമാണ് പരാമർശിച്ചതെന്നും ബിജെപിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഹാർദിക് വ്യക്തമാക്കിയെങ്കിലും സംസ്ഥാന ഘടകം വർക്കിങ് പ്രസിഡന്‍റ് കൂടിയായ അദ്ദേഹത്തിന്‍റെ പരാമർശം ഗുജറാത്ത് കോൺഗ്രസിൽ കോളിളക്കം സൃഷ്‌ടിച്ചിരിക്കുകയാണ്.
ഹാർദിക് പട്ടേലിന്‍റെ പ്രസ്‌താവനകളിൽ ആശങ്ക പ്രകടിപ്പിച്ച ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധാർഥ പട്ടേൽ, സംഭവത്തെക്കുറിച്ച് ഗുജറാത്തിന്‍റെ ചുമതലയുള്ള എഐസിസി രഘു ശർമ്മയെയും ഓർഗനൈസേഷൻ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ടെന്നും ഇടിവി ഭാരതിനോട് പറഞ്ഞു.
പാർട്ടിക്കുള്ളിലെ ഇടയൽ: അതേസമയം ഗുജറാത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ആം ആദ്‌മി പാർട്ടിയിലോ ഭരണകക്ഷിയായ ബിജെപിയിലോ ചേരാൻ ഹാർദിക് പദ്ധതിയിടുന്നതായി ഭയമുണ്ടോ എന്ന ചോദ്യത്തിന്, വിഷയത്തിൽ ഊഹാപോഹങ്ങൾ നടത്താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കോൺഗ്രസ് നേതാവിന്‍റെ മറുപടി. ഹാർദിക്കിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യാം. സഹപ്രവർത്തകർ തന്നെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന അദ്ദേഹത്തിന്‍റെ ആരോപണം സത്യമാണെന്ന് തോന്നുന്നില്ല.
ഗുജറാത്ത് കോൺഗ്രസിന്‍റെ വർക്കിങ് പ്രസിഡന്‍റാണ് അദ്ദേഹം. പരസ്യമായി ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം അദ്ദേഹം സ്വന്തം കടമ നിർവഹിക്കുകയാണ് വേണ്ടതെന്നും സിദ്ധാർഥ പട്ടേൽ പറഞ്ഞു.
പാർട്ടി സഹപ്രവർത്തകർ തന്നെ പ്രവർത്തിക്കാൻ അനുവദിക്കാത്തതിൽ ഹാർദിക് നിരാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സിദ്ധാർഥ പട്ടേലിന്‍റെ പരാമർശം. തന്നെ കോൺഗ്രസിൽ ചേർത്ത രാഹുൽ ഗാന്ധിയുമായി ഈ വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും പ്രശ്‌നം ഇപ്പോഴും പരിഹരിക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം ഹാർദികിന്‍റെ വിവാദ പരാമർശത്തെ കുറിച്ച് പ്രതികരിച്ച ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ, ഹാർദിക്കുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നുമാണ് ഇടിവി ഭാരതിനോട് പറഞ്ഞത്.