റായ്‌പൂര്‍ : ഇനി 2024 ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങിക്കൊള്ളുക എന്നറിയിച്ച് കോണ്‍ഗ്രസിന്‍റെ മൂന്ന് ദിവസത്തെ പ്ലീനറി സമ്മേളനത്തിന് പര്യവസാനം. ബിജെപിയെ പരാജയപ്പെടുത്താന്‍ സമാന ചിന്താഗതിക്കാരെ ഒപ്പം കൂട്ടുമെന്ന് പ്രതിജ്ഞയെടുത്തും ഭരണപക്ഷത്തെ നഖശിഖാന്തം എതിര്‍ക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ചും അടിമുടി ഒരു പുത്തന്‍ പാര്‍ട്ടിയായി തന്നെയാണ് കോണ്‍ഗ്രസ് റായ്‌പൂര്‍ സമ്മേളന വേദിയില്‍ നിന്നിറങ്ങുന്നത്. മാത്രമല്ല അദാനി വിഷയത്തില്‍ ഇടതടവുകളില്ലാതെ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചുകഴിഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ തലവര മാറ്റാന്‍ പ്രാപ്‌തമായ എന്തെല്ലാം ത്രിദിന സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞുവെന്നത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
'അദാനി'യെ വെറുതെ വിടില്ല : ആറ് സംസ്ഥാനങ്ങളിലെ പടിവാതില്‍ക്കലെത്തിയ തെരഞ്ഞെടുപ്പുകളിലും, മെഗാ ഫൈനലായ 2024 ലെ പൊതുതെരഞ്ഞെടുപ്പിലും തന്നെയാണ് കോണ്‍ഗ്രസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാണ്. നിലവിലെ തെരഞ്ഞെടുപ്പ് സീസണില്‍ കളംപിടിക്കാന്‍ കോണ്‍ഗ്രസ് ആവനാഴിയിലുള്ളത് അദാനിയും ഹിന്‍ഡന്‍ബര്‍ഗും തന്നെയാണ്. അദാനി ഗ്രൂപ്പ് ഓഹരി കൃത്രിമത്വം കാണിച്ചുവെന്ന അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ആരോപണങ്ങളായി മാത്രം ഒതുക്കി നിര്‍ത്താന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. ഗൗതം അദാനിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അതുവഴി കേന്ദ്രസര്‍ക്കാരിലേക്കും ബന്ധിപ്പിച്ച് പ്രതിഷേധം അലയടിപ്പിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മാത്രമല്ല അദാനി ഗ്രൂപ്പിനെ, ഇന്ത്യയെ കോളനിയായി വച്ച് മുച്ചൂടും ഭരിച്ച് നശിപ്പിച്ച ബ്രിട്ടീഷ് ഈസ്‌റ്റ് ഇന്ത്യ കമ്പനിയോട് ഉപമിച്ചും, അദാനി വിഷയത്തിലെ പ്രതിഷേധങ്ങളെ രണ്ടാം സ്വാതന്ത്ര്യസമരമായി ഉയര്‍ത്തിക്കാട്ടിയും കോണ്‍ഗ്രസ് ഉന്നംവയ്‌ക്കുന്നത് ബിജെപിയെ അധികാരക്കസേരയില്‍ നിന്ന് ഇറക്കിവിടാന്‍ തന്നെയാണ്.
താരം 'ഭാരത് ജോഡോ' തന്നെ: പ്ലീനറി സമ്മേളനത്തിന്‍റെ മൂന്നാം നാള്‍ വേദിയെയും പതിനായിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്‌ത് രാഹുല്‍ ഗാന്ധി ശ്രദ്ധ കേന്ദ്രീകരിച്ചതാവട്ടെ അദ്ദേഹം നയിച്ച ഭാരത് ജോഡോ യാത്രയിലാണ്. ഭാരത് ജോഡോ നാനാതുറയിലുള്ള വ്യത്യസ്‌ത വിഭാഗക്കാരെ ഒരുമിപ്പിച്ചുവെന്നും യാത്രയിലുടനീളം ഐക്യം പറഞ്ഞാണ് മുന്നോട്ടുപോയതെന്നും രാഹുല്‍ ആവര്‍ത്തിച്ച് പറയുമ്പോള്‍ അതില്‍ വ്യക്തമാകുന്നത് പാര്‍ട്ടിക്ക് എന്നോ കൈമോശം വന്നുപോയ 'ഒരുമിച്ചുചേര്‍ക്കല്‍' ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് തന്നെയാണ്. ഭാരത് ജോഡോയിലെ കശ്‌മീര്‍ ഘട്ടത്തെക്കുറിച്ച് വാതോരാതെ സംസാരിച്ച രാഹുല്‍, തനിക്ക് കഴിഞ്ഞ 52 വര്‍ഷം വീടില്ലായിരുന്നുവെന്നും കശ്‌മീരിലെത്തിയപ്പോള്‍ വീട്ടിലെത്തിയ അനുഭവമാണ് ഉണ്ടായതെന്നും പരാമര്‍ശിച്ചു. കോണ്‍ഗ്രസിന്‍റെ വിജയത്തിന്‍റെ കൊടുങ്കാറ്റ് തുടങ്ങേണ്ടത് വടക്കേയറ്റമായ കശ്‌മീരില്‍ നിന്നാണെന്ന് ഇവിടെ പറയാതെ പറയുകയായിരുന്നു രാഹുല്‍.
വിജയിക്കാന്‍ 'തുടര്‍യാത്രകള്‍' മതിയാകുമോ ? : സമ്മേളനനഗരിയില്‍ ഭാരത് ജോഡോയിലൂടെ നേടിയെടുത്ത ഐക്യത്തിന്‍റെ തപസ്യ തുടര്‍ന്നുപോകാന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് അഭിപ്രായപ്പെട്ടിരുന്നു. പറഞ്ഞുതീരും മുന്നേ പാസിഖട്ട് തൊട്ട് പോര്‍ബന്ദര്‍ വരെയുള്ള കിഴക്കുപടിഞ്ഞാറന്‍ യാത്ര ആലോചിക്കുന്നതായും അത് ഭാരത് ജോഡോയില്‍ നിന്ന് വ്യത്യസ്‌തമായിരിക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ ജയ്‌റാം രമേശും വ്യക്തമാക്കി. ഭാരത് ജോഡോയെ പുത്തന്‍ സൂര്യോദയമെന്ന് വാഴ്‌ത്തിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ബിജെപി ആര്‍എസ്‌എസ് ആശയങ്ങള്‍ക്കെതിരെ പോരാടാനുള്ള ഊര്‍ജം നല്‍കിയ യാത്രയെന്ന് സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരുമിച്ച് ചിന്തിച്ചതോടെ ഐക്യം പ്രധാനമാണെന്നും പ്ലീനറി സമ്മേളനം അടിവരയിടുന്നു.
സമാനചിന്താഗതിക്കാരെ തേടുന്നു: കോണ്‍ഗ്രസിന്‍റെ 85ാം പ്ലീനറി സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ സുപ്രധാന തീരുമാനങ്ങളിലൊന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വേണമെന്ന തിരിച്ചറിവാണ്. പ്രതിപക്ഷ ഐക്യം വാക്കിലും ഇഷ്‌ടക്കാരെ മാത്രം വിളിച്ചുചേര്‍ത്തുള്ള ചര്‍ച്ചകളിലും ഒതുക്കാതെ ബിജെപിക്കെതിരെ സമാനചിന്താഗതിക്കാരെ ഒരുമിച്ച് കൂട്ടാമെന്നുള്ള സമ്മേളന തീരുമാനം വിപ്ലവകരമാണെന്ന് തന്നെ വിലയിരുത്തേണ്ടതുണ്ട്. വര്‍ധിക്കുന്ന സാമ്പത്തിക അസമത്വം, കത്തിപ്പടരുന്ന സാമൂഹ്യ ചേരിതിരിവ്, രാഷ്‌ട്രീയ സ്വേച്ഛാധിപത്യം എന്നിവ മാത്രം പരിഗണിച്ച് സമാനചിന്താഗതിക്കാരുമായി കൈകോര്‍ക്കാമെന്നാണ് പ്ലീനറി സമ്മേളന വേദിയില്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി വ്യക്തമാക്കിയത്. ഇതിന്‍റെ ആദ്യപടിയായി അടുത്തുതന്നെ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന കര്‍ണാടക, മധ്യപ്രദേശ്, മിസോറാം, ഛത്തീസ്‌ഗഡ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും 'നമ്മുടെ' വിജയത്തിനായി പരമാവധി പരിശ്രമിക്കണമെന്നും സമ്മേളനം പറഞ്ഞുവയ്‌ക്കുന്നുണ്ട്.
സവര്‍ക്കറെയും ബിജെപിയെയും തുറന്നുകാട്ടി: ബിജെപിയെ എല്ലാവിധേനയും എതിര്‍ക്കുക എന്നതുതന്നെയാണ് പ്ലീനറി സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വയ്ക്കുന്ന പ്രധാന നിര്‍ദേശം. ഇതിനായി ബിജെപി ആശയങ്ങളെ കുറ്റപ്പെടുത്താനും വേദി മറന്നില്ല. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനീസ് സമ്പദ്‌വ്യവസ്ഥ വളരെ വലുതാണെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ പ്രസ്‌താവനയെ രാഹുല്‍ ഗാന്ധി പരിഹസിച്ചത് ഇതിന് ഉത്തമ ഉദാഹരണമാണ്. മന്ത്രിയുടെ പ്രസ്‌താവന ദേശീയതയല്ലെന്നും, വിഡി സവര്‍ക്കറുടെ 'ശക്തന്മാര്‍ക്ക് മുന്നില്‍ കുമ്പിടുക' എന്ന നിങ്ങളുടെ ആശയത്തിന്‍റെ പ്രതിഫലനമാണെന്നുമായിരുന്നു രാഹുലിന്‍റെ മറുപടി.
സമ്മേളനത്തില്‍ എന്തെല്ലാം: സാമൂഹിക നീതി ഊട്ടിയുറപ്പിക്കുന്നതിന് അടിയന്തരമായി ജാതി സെൻസസ് നിർണായകമാണെന്ന നിര്‍ദേശം മുന്നോട്ടുവച്ചും എസ്‌സി, എസ്‌ടി, ഒബിസി ന്യൂനപക്ഷങ്ങൾ, 50 വയസ്സിന് താഴെയുള്ള യുവാക്കൾ എന്നിവർക്ക് 50 ശതമാനം സംവരണം വർക്കിങ് കമ്മിറ്റിയിൽ നല്‍കിയും പാര്‍ട്ടി ഭരണഘടനയിലെ 16 വകുപ്പുകളും 32 ചട്ടങ്ങളും ഭേദഗതി ചെയ്‌തുമാണ് പ്ലീനറി സമ്മേളനം പൂര്‍ത്തിയായത്. പൂര്‍വാധികം ശക്തിയോടെ മുന്നോട്ടെന്ന് നിര്‍ദേശങ്ങളിലും തീരുമാനങ്ങളിലും ആദര്‍ശങ്ങളിലും വ്യക്തമാക്കി പ്ലീനറി സമ്മേളനം അവസാനിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ മുന്നോട്ടുള്ള യാത്രയെ എങ്ങനെ അത് വഴിനടത്തുമെന്നതാണ് സസ്‌പെന്‍സ്.