ജയ്‌പൂര്‍: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക സംവരണം ആവശ്യപ്പെട്ട് ഭരത്‌പൂരിലെ ജയ്‌പൂര്‍-ആഗ്ര ദേശീയപാത ഉപരോധിച്ച് മാലി സമുദായം. ജനക്കൂട്ടത്തെ നിയിന്ത്രിക്കാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ച പൊലീസിന് നേരെ കല്ലേറ്. സംഭവത്തെ തുടര്‍ന്ന് ജയ്‌പൂരിലെ സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരുമായി മാലി സമുദായത്തിലെ ഉന്നത നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തിയതായി നേതാക്കള്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
നിലവില്‍ ഒബിസിയ്‌ക്ക് കീഴിലുള്ള മാലി സമുദായത്തിന് 12 ശതമാനം പ്രത്യേക സംവരണം നല്‍കണമെന്നാണ് ആവശ്യം. വിഷയവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച ഹൈവേ ഉപരോധിക്കുമെന്ന് സമുദായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉപരോധം കണക്കിലെടുത്ത് ഹൈവേയുമായി ബന്ധിപ്പിച്ചിട്ടുള്ള ബല്ലഭ്‌ഗഡ്, ഹലൈന, വൈർ, അരോണ്ട, രാമസ്‌പൂർ ഗ്രാമങ്ങളിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കല്ലേറും സംഘര്‍ഷവും ഉണ്ടായത്.
ജനങ്ങള്‍ അക്രമാസക്തരായതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതില്‍ രോഷാകുലരായ ജനം പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ ജനങ്ങളെ പിരിച്ച് വിടാന്‍ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നുവെന്നും പൊലീസ് സൂപ്രണ്ട് ശ്യാം സിങ് പറഞ്ഞു. വൈകുന്നേരത്തോടെയാണ് ജനങ്ങള്‍ ദേശീയ പാത ഉപരോധിക്കാനെത്തിയതെന്നും സ്ഥിതിഗതികള്‍ വിലിയിരുത്താന്‍ താനും സംഘവും സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും എസ്‌പി വ്യക്തമാക്കി.
പ്രതികരണവുമായി ബിഎസ്‌പി നേതാവ്: പ്രത്യേക സംവരണം ആവശ്യപ്പെട്ടുള്ള മാലി സമുദായത്തിന്‍റെ ദേശീയ പാത ഉപരോധത്തില്‍ ജനങ്ങള്‍ക്കെതിരെ ബലപ്രയോഗം നടത്തിയ പൊലീസിനെതിരെ നടപടിയെടുക്കണം എന്ന് നദ്‌ബായ്‌യിലെ എംഎല്‍എ ജോഗീന്ദര്‍ സിങ് അവാന ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ ഉടനടി നടപടിയെടുത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് എംഎല്‍എയുടെ ആവശ്യം. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മാലി സമുദായത്തിന്‍റെ ആവശ്യത്തെ താന്‍ പുന്തുണച്ചതായും എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബിഎസ്‌പിയിലേക്ക് മാറിയ ആറ് നേതാക്കളില്‍ ഒരാളാണ് ജോഗീന്ദര്‍ സിങ് അവാന.
മുഖ്യമന്ത്രി അശോക് ഗെലോട്ടും മാലി സമുദായത്തില്‍ നിന്നുള്ളയാളാണ്. മാലി സമുദായത്തില്‍ നിന്നുള്ള 12 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ മാലി സമുദായത്തിന്‍റെ ആവശ്യങ്ങള്‍ ഉന്നത തലങ്ങളില്‍ എത്തിക്കുമെന്ന് വകുപ്പ് ഡയറക്‌ടര്‍ ഹരിമോഹന്‍ മീണ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി.