ബെംഗളൂരു : സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭനിരോധന മരുന്നുകള്‍, സിഗരറ്റുകള്‍, വൈറ്റ്നര്‍ പേനകള്‍ തുടങ്ങിയ കണ്ടെടുത്തു. ബെംഗളൂരിലെ ഒരു സ്കൂള്‍ അധികൃതര്‍ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെടുത്തത്. 8 മുതല്‍ 10 വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കൈവശമാണ് ഇത്തരം വസ്‌തുക്കളുണ്ടായിരുന്നത്.
കുട്ടികള്‍ അടുത്തിടെയായി സ്‌കൂളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നു എന്ന് ഒരു അധ്യാപിക മാനേജ്‌മെന്‍റിന് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദിവസംതോറും കുട്ടികളുടെ സ്‌കൂള്‍ ബാഗുകള്‍ പരിശോധിക്കാന്‍ മാനേജ്മെന്‍റ് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത് എന്നായിരുന്നു സ്കൂള്‍ മാനേജ്‌മെന്‍റ് ജനറല്‍ സെക്രട്ടറി ഡി. ശശികുമാറിന്‍റെ പ്രതികരണം.
ഇത്തരം വസ്‌തുക്കള്‍ സ്‌കൂളില്‍ കൊണ്ടുവന്ന കുട്ടികളെ 10 ദിവസത്തേയ്‌ക്ക് സസ്‌പെന്‍ഡ് ചെയ്‌തു. കാര്യത്തിന്‍റെ ഗൗരവം മനസിലാക്കിയ അധികൃതര്‍ വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും കൗണ്‍സിലിങ്ങിന് വിധേയമാക്കും.
വിദ്യാര്‍ഥികളുടെ മറുപടിയില്‍ നടുങ്ങി അധ്യാപകര്‍: പത്താം ക്ലാസ് വിദ്യാര്‍ഥികളില്‍ നിന്നാണ് ഗര്‍ഭനിരോധന വസ്‌തുക്കള്‍ കണ്ടെടുത്തത്. ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തിരക്കുകള്‍ക്കിടയില്‍ അല്‍പം വിനോദം ആവശ്യമാണെന്ന് ടീച്ചര്‍മാരുടെ ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ മറുപടി നല്‍കി.
ലോക്‌ഡൗണ്‍ സമയത്ത് കുട്ടികള്‍ അധികസമയവും ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ സമയം ചെലവഴിച്ചതിനാലാണ് അവരുടെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ലഹരിപദാര്‍ഥങ്ങള്‍ കച്ചവടം നടത്തുന്ന നിരവധി വിദ്യാര്‍ഥികളുണ്ടെന്നും അധ്യാപകര്‍ പറയുന്നു.
ആധുനിക കാലത്ത് കുട്ടികള്‍ക്ക് മനസ്സാന്നിധ്യം നഷ്‌ടപ്പെടുന്നുവെന്ന് രജിസ്‌ട്രേഡ് അൺ എയ്‌ഡഡ് പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് ലോകേഷ് താളിക്കാട്ടെ പറഞ്ഞു. അവര്‍ ബോധവാന്‍മാരാകുന്നതിന് മുമ്പുതന്നെ ആധുനികത അവരെ വേട്ടയാടിക്കഴിഞ്ഞു. കഴിഞ്ഞ കാലത്തെ കുട്ടികളും ഇപ്പോഴുള്ളവരും ഉത്‌കണ്ഠകളില്‍ പോലും വ്യത്യസ്‌തരാണെന്ന് അദ്ദേഹം പറഞ്ഞു.