ന്യൂഡല്‍ഹി: പ്രതിപക്ഷ മഹാസഖ്യത്തിന് INDIA (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേരിട്ടതിന് 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പരാതി. മഹാസഖ്യത്തെ 'ഇന്ത്യ' എന്നു നാമകരണം ചെയ്‌തതിന് എതിരെ ഡോ. അവിനീഷ് മിശ്ര എന്നയാളാണ് ഡല്‍ഹിയിലെ ബരാഖംബ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പിൽ അനാവശ്യ സ്വാധീനത്തിനും വ്യക്തിത്വ രൂപീകരണത്തിനും വേണ്ടി ഇന്ത്യ എന്ന പേര് ഉപയോഗിച്ചുവെന്നും ഈ പാര്‍ട്ടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇവ: ഇതുപ്രകാരം പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ ഭാഗമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാർട്ടി, ജനതാദൾ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദൾ, ജാർഖണ്ഡ് മുക്തി മോർച്ച, നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ), ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി , ശിവസേന (ഉദ്ധവ് താക്കറെ), സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി), അപ്നാദൾ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം , വിടുതലൈ ചിരുതൈകൾ പാർട്ടി, കൊങ്ങുനാട് മക്കൾ ദേശായി പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ലെനിനിസ്റ്റ്), മനിതനേയ മക്കൾ കച്ചി, ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ്, കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ജോസഫ്) എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ പേരായി ഉപയോഗിച്ചിരിക്കുന്നത് സഖ്യത്തിന്‍റെ ചുരുക്കെഴുത്താണ് എന്നതുകൊണ്ടുതന്നെ പരാതിയിന്മേല്‍ എംബ്ലംസ് ആക്‌ടിന്‍റെ സെക്ഷൻ 2(സി) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം എംബ്ലംസ് ആക്‌ടിന്‍റെ സെക്ഷന്‍ 5, സെക്ഷന്‍ മൂന്ന് എന്നിവ ലംഘിച്ചാല്‍ വ്യക്തികള്‍ക്ക് നേരെ അഞ്ഞൂറ് രൂപ വരെ പിഴ ചുമത്താവുന്ന ശിക്ഷയാണ്. അതേസമയം സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടത് വഴി എല്ലാ ഇന്ത്യക്കാരുടെയും വികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.