ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദേശം. എത്ര തുകയെന്നതിൽ കേന്ദ്രത്തിന് തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു.
ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ആറ് മാസത്തിനകം മാർഗരേഖ തയ്യാറാക്കണമെന്നും കോടതി നിർദേശം നൽകി.
തുക നൽകാനാകില്ലെന്ന് കേന്ദ്രം
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പണമായി സഹായം നല്‍കാന്‍ ആവില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. രാജ്യത്ത് ഇതുവരെ 4 ലക്ഷത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. സാമ്പത്തിക പരിമിതികളുള്‍പ്പെടെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് പണം നല്‍കുക അസാധ്യമാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള തുക ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് ചെലവിടണമെന്നാണ് നിയമം വ്യക്തമാക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചിരുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനോടകം കൊവിഡിനെ നേരിടാൻ വലിയ തുക ചെലവഴിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി.
Also Read: കൊവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം വീതം നല്‍കാനാവില്ലെന്ന് കേന്ദ്രം
മരണ സര്‍ട്ടിഫിക്കിറ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതമാക്കണമെന്നും കോടതി നിർദേശിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.