ന്യൂഡൽഹി : ന്യൂഡൽഹിയിൽ വ്യാഴാഴ്‌ച (14.04.2022) സിഎൻജിയുടെ (കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ്) വില കിലോഗ്രാമിന് 2.50 രൂപയും പിഎൻജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) യൂണിറ്റിന് 4.25 രൂപയും വർധിപ്പിച്ചു. അസംസ്‌കൃത വസ്‌തുക്കളുടെ വില വർധിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് വില വർധനയെന്നാണ് ഔദ്യോഗിക വിശദീകരണം. ഡൽഹിയിൽ സിഎൻജിയുടെ നിരക്ക് കിലോയ്ക്ക് 69.11 രൂപയിൽ നിന്ന് 71.61 രൂപയായി ഉയര്‍ന്നു.
ഈ മാസം (ഏപ്രിൽ) ഇത് മൂന്നാമത്തെ വിലവർധനവാണ്. ആറാഴ്‌ചയ്‌ക്കുള്ളിൽ സിഎൻജി വില കിലോയ്‌ക്ക് 15.6 രൂപ കൂടി. കഴിഞ്ഞ ഒരു വർഷത്തിനിടെ കിലോയ്ക്ക് 28.21 രൂപ വർധിച്ചതായാണ് കണക്കുകൾ. കൂടാതെ, പിഎൻജി നിരക്ക് ഒരു ക്യുബിക് മീറ്ററിന് 4.25 രൂപ വർധിപ്പിച്ച് 45.86 രൂപയായി. ഏപ്രിൽ 1 മുതൽ സർക്കാർ പ്രകൃതിവാതകത്തിന്‍റെ വില ഇരട്ടിയിലധികം വർധിപ്പിച്ചു. തുടർന്ന് ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 6.1 ഡോളറായി ഉയർത്തിയതാണ് നിരക്ക് വർധനവിന് കാരണം.
16 ദിവസത്തിനുള്ളിൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 10 രൂപയും പാചക വാതക എൽപിജി നിരക്ക് സിലിണ്ടറിന് 50 രൂപയും കൂട്ടിയതിന് പിന്നാലെയാണ് സിഎൻജിയുടെ വില വർധിപ്പിച്ചത്. പെട്രോൾ, ഡീസൽ വില പരിഷ്‌കരണത്തിൽ 137 ദിവസത്തെ റെക്കോർഡ് ഇടവേള മാർച്ച് 22 ന് അവസാനിച്ചിരുന്നു. അതേ ദിവസം തന്നെ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്‍റെ വില ദേശീയ തലസ്ഥാനത്ത് 949.50 രൂപയായി വർധിപ്പിച്ചു. ചിലയിടങ്ങളിൽ പാചകവാതക സിലിണ്ടറിന്‍റെ വില 1000 രൂപയിലെത്തി.