ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് പ്രകൃതി വാതകങ്ങളുടെ വില 2.5 രൂപ വർധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഏപ്രിൽ 18 മുതൽ പണിമുടക്ക് നടത്തുമെന്ന് മുന്നറിയിപ്പ് നൽകി ടാക്‌സി, ക്യാബ് ഡ്രൈവേഴ്‌സ് അസോസിയേഷൻ. പ്രകൃതി വാതക വിലയിൽ സബ്‌സിഡി ആവശ്യപ്പെട്ടാണ് പണിമുടക്ക്.
അടിക്കടിയുണ്ടാകുന്ന നിരക്കുവര്‍ധനക്കെതിരെ ഓട്ടോ, ടാക്‌സി, ക്യാബ് ഡ്രൈവർമാർ ഏപ്രിൽ 11ന് ഡൽഹി സെക്രട്ടേറിയറ്റിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഡൽഹി ഓട്ടോ റിക്ഷ സംഘിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേന്ദ്രത്തിന്‍റെയും ഡൽഹി സർക്കാരിന്‍റെയും നയങ്ങൾക്കെതിരായ തങ്ങളുടെ പ്രതിഷേധം തുടരുമെന്നും ഏപ്രിൽ 18 മുതൽ പണിമുടക്കുമെന്നും ഓട്ടോ റിക്ഷ സംഘ് ജനറൽ സെക്രട്ടറി രാജേന്ദ്ര സോണി പറഞ്ഞു.
ഇന്ധനവിലയിൽ പെട്ടന്നുണ്ടായ വിലക്കയറ്റം തങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നും കിലോയ്ക്ക് 35 രൂപ സബ്‌സിഡി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും സോണി പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഡൽഹി സർക്കാർ ഓട്ടോറിക്ഷ അസോസിയേഷൻ അംഗങ്ങളുടെ യോഗം വിളിച്ചിട്ടില്ലെന്ന് സോണി ആരോപിച്ചു. ഇരു സർക്കാരും തങ്ങളെ കേൾക്കാൻ തയാറാകുന്നില്ലെന്നും പ്രതിഷേധം രൂക്ഷമായാൽ സർക്കാരുകൾ പരസ്‌പരം പഴിചാരാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിവാതകത്തിന് കിലോയ്ക്ക് 35 രൂപ സബ്‌സിഡി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ഓട്ടോ, ടാക്സി അസോസിയേഷൻ ഏപ്രിൽ ആറിന് മുഖ്യമന്ത്രി കെജ്‌രിവാളിന് കത്തയച്ചിരുന്നു. വ്യാഴാഴ്‌ച രാജ്യതലസ്ഥാനത്ത് കിലോയ്ക്ക് 2.5 രൂപ വർധിപ്പിച്ചതോടെ ഡൽഹിയിൽ പ്രകൃതിവാതക വില കിലോയ്ക്ക് 71.61 രൂപയായി.