ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി. കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചർച്ച നടന്നത്. കൂടിക്കാഴ്ച 30 മിനിട്ടോളം നീണ്ടു.
നിർദിഷ്‌ട സിൽവർലൈൻ മംഗളൂരുവിലേക്കു നീട്ടുന്നത്, നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത, തലശ്ശേരി–മൈസൂരു റെയിൽപാത എന്നിവയും ചർച്ചയായെന്നാണ് സൂചന.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ യോഗം തിരുവനന്തപുരത്തു ചേർന്നപ്പോഴുണ്ടായ ധാരണ പ്രകാരമാണ് ഇരു മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്‌ച. ചീഫ് സെക്രട്ടറി വി പി ജോയി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.അതേസമയം കർണാടകയിലെ ബാഗേപളളിയിൽ സിപിഎം സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് സിപിഎം മഹാറാലി സംഘടിപ്പിക്കുന്നത്. പി ബി അംഗങ്ങളായ എം എ ബേബി, ബി വി രാഘവലു, കർണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവരും റാലിയിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി ബെംഗളൂരുവിലും, ബാഗേപ്പള്ളിയിലും ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.