അമരാവതി: ആന്ധ്രാപ്രദേശിൽ വാഷിങ് മെഷീനിൽ നിന്നുള്ള മലിനജലത്തെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ സ്‌ത്രീ മരിച്ചു. കാദിരി ടൗണിലെ മശാനംപേട്ടയിൽ താമസിക്കുന്ന പത്മാവതി എന്ന സ്‌ത്രീയാണ് മരിച്ചത്. ഇവരുടെ വീട്ടിലെ വാഷിങ് മെഷീനിലെ മലിനജലം തൊട്ടടുത്തുള്ള വേമണ്ണ നായിക്കിന്‍റെ വീട്ടിലേക്ക് ഒഴുകിയിരുന്നു.
ഈ വിഷയത്തിൽ ഇരുവീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ വേമണ്ണ നായിക്കിന്‍റെ കുടുംബാംഗങ്ങൾ പത്മാവതിയെ കല്ലുകൊണ്ട് ആക്രമിച്ചു. തലയിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ പത്മാവതിയെ നാട്ടുകാർ കാദിരിയിലെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് നില ഗുരുതരമായതിനാൽ മെച്ചപ്പെട്ട ചികിത്സയ്‌ക്കായി ബെംഗളൂരുവിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സംഭവത്തിൽ കദിരി ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.