ഗാന്ധിനഗര്‍: ഗുജറാത്തിലെ ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. ഫെബ്രുവരി 21 നാണ് സംസ്ഥാനത്ത് ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്. അഹമ്മദാബാദ്, രാജ്‌കോട്ട്, വഡോദര, സൂറത്ത്, ഭവനഗര്‍, ജാംനഗര്‍ എന്നീ ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ വോട്ടെണ്ണല്‍ ഫെബ്രുവരി 23ന് നടത്തും. ഇവിടങ്ങളില്‍ വികസനം മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ പ്രചരണം. എന്നാല്‍ കോണ്‍ഗ്രസിന് ശക്തി ക്ഷയിച്ച ഈ മേഖലയില്‍ ഇന്ധന വില വര്‍ധനവും, വികസന കാഴ്‌ചപ്പാടുകളും ചൂണ്ടിക്കാട്ടിയായിരുന്നു പാര്‍ട്ടിയുടെ പ്രചരണം.
പ്രചാരണത്തിന്‍റെ അവസാനദിനമായ ഇന്ന് ഗുജറാത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീലിന്‍റെ നേതൃത്വത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. നരോദ മുതല്‍ ഖാദിയ വരെയായിരുന്നു റോഡ് ഷോ. സിആര്‍ പാട്ടീലിനോടൊപ്പം മന്ത്രി പ്രദീപ് സിന്‍ ജഡേജയും രാജ്യസഭ എംപി നര്‍ഹരി അമിനും അദ്ദേഹത്തെ അനുഗമിച്ചു.
രാജ്‌ഘട്ടില്‍ പതിനെട്ട് വാര്‍ഡുകളിലായി മോട്ടോര്‍ സൈക്കിള്‍ റാലിയും ബിജെപി സംഘടിപ്പിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് സ്റ്റേറ്റ് അധ്യക്ഷന്‍ അമിത് ചാവ്‌ഡ വഡോജരയില്‍ റാലി സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചാരണം. കേന്ദ്രത്തിന്‍റെ ഇന്ധന വില വര്‍ധനയും, എല്‍പിജി വില വര്‍ധനവും കോണ്‍ഗ്രസിന്‍റെ പ്രധാന തുറുപ്പ് ചീട്ടായി. സംസ്ഥാനത്തെ മോശം റോഡുകളെക്കുറിച്ചും എടുത്ത് പറഞ്ഞ് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചു. അതേ സമയം പ്രതിപക്ഷ നേതാവ് പരേഷ് ദനാനി ജാം നഗറില്‍ പ്രചാരണം നടത്തി.
സംസ്ഥാനത്തെ വിലക്കയറ്റവും, അഴിമതിയും, തൊഴിലില്ലായ്‌മയും കോണ്‍ഗ്രസ് നേതാവ് അമിത് ചാവ്‌ദ പ്രചാരണങ്ങളില്‍ എടുത്തു പറഞ്ഞു. ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ ഉയര്‍ന്ന നികുതി അടച്ചിട്ട് പോലും ജനങ്ങള്‍ക്ക് ശുദ്ധ ജലം പോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും വികസനമുണ്ടായില്ലെന്നും ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറി ചിന്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിനും ബിജെപിക്കും പുറമെ ആം ആദ്‌മി പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അതേസമയം അസദുദ്ദീന്‍ ഒവെയ്‌സിയുടെ എഐഎംഐഎം പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അഹമ്മദാബാദില്‍ ആറ് വാര്‍ഡുകളിലായി 21 സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി രംഗത്തിറക്കുന്നത്.