ബെംഗളൂരു: ബാറിലെ കസേരകളും മേശകളും മറ്റ് സാധന സാമഗ്രികളും തകര്‍ത്ത് സ്‌ത്രീകള്‍. ചിക്കമംഗളൂരു ജില്ലയിലെ കടൂർ താലൂക്കില്‍ ഉള്‍പ്പെട്ട മുസ്‌ലാപൂരിലാണ് സംഭവം. എതിർപ്പിനെ അവഗണിച്ച് ബാര്‍ തുറന്നുപ്രവര്‍ത്തിച്ചതാണ് പ്രകോപനത്തിന് കാരണം.
ശനിയാഴ്ചയാണ് സംഭവം. 50 ലധികം സ്ത്രീകൾ ബാറിലേക്ക് ഓടിക്കയറുകയും തുടര്‍ന്ന് നശിപ്പിക്കുകയുമായിരുന്നു. ബാർ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ബാർ തുറക്കുന്നതിനെതിരെ മുസ്‌ലാപൂരില്‍ സ്ത്രീകൾ നേരത്തെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്ഥാപനം അടച്ചു.
ALSO READ: മാവോയിസ്റ്റ് നേതാവ് മിലിന്ദ് തെൽതുംബ്ഡെയെ വധിച്ചതായി പൊലീസ്
എന്നാൽ രണ്ട് ദിവസം മുമ്പ് ബാർ തുറന്നെങ്കിലും സ്‌ത്രീകള്‍ അടയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബാര്‍ അധികൃതര്‍ വിട്ടുവീഴ്‌ച ചെയ്യാത്തതിനെ തുടര്‍ന്ന് സ്‌ത്രീകള്‍ രോഷാകുലരായി എത്തുകയായിരുന്നു. ബാറുടമകള്‍ സകരയപട്ടണ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.