ബാലോദ് (ഛത്തീസ്‌ഗഡ്) : രാവിലെ റെയില്‍വേ ട്രാക്കില്‍ ഓണ്‍ലൈന്‍ ഗെയിമായ ഫ്രീ ഫയർ കളിക്കുന്നതില്‍ മുഴുകി മലവിസര്‍ജനം നടത്തുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഛത്തീസ്‌ഗഡിലെ ബാലോദ് ജില്ലയിലെ ഗുന്ദര്‍ദേഹി ഗ്രാമത്തിലാണ് സംഭവം. നിലേഷ് (27) എന്നയാളാണ് മരിച്ചത്.
ചെവിയില്‍ ഇയര്‍ഫോണ്‍ വച്ചാണ് യുവാവ് വീഡിയോ ഗെയിം കളിച്ചത്. ട്രെയിന്‍ ഹോണ്‍ മുഴക്കിയിട്ടും യുവാവ് കേട്ടില്ല. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകളുടെ ദൂഷ്യവശത്തെ കുറിച്ച് ജനം മനസിലാക്കണമെന്ന് ബാലോദ് ജില്ല പൊലീസ് മേധാവി ജിതേന്ദ്ര കുമാര്‍ യാദവ് പ്രതികരിച്ചു.
പല ടാസ്‌കുകളും ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകളിലുണ്ട്, അവ പൂര്‍ത്തീകരിക്കുന്നതിനായി ചെറുപ്പക്കാരും കുട്ടികളും മുഴുകിയിരിക്കുന്ന അവസ്ഥയാണ്. കായികാധ്വാനം വേണ്ട കളികളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ രക്ഷിതാക്കള്‍ പ്രേരിപ്പിക്കണം. അങ്ങനെ ഓണ്‍ലൈന്‍ ഗെയിമിനോട് കുട്ടികള്‍ അടിമപ്പെടുന്ന അവസ്ഥ ഒഴിവാക്കണം.
ഓണ്‍ലൈന്‍ ഗെയിമിനോടുള്ള അടിമത്വം കാരണം കുട്ടികള്‍ മോഷണത്തിലേര്‍പ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗെയിമിന്‍റെ ലെവല്‍ വര്‍ധിപ്പിക്കാനായി റീചാര്‍ജ് ചെയ്യാനായി പണം ലഭിക്കുന്നതിന് വേണ്ടിയാണ് മോഷണത്തില്‍ ഏര്‍പ്പെടുന്നത്. ഓണ്‍ലൈന്‍ ഗെയിമുകളില്‍ കുട്ടികള്‍ അടിമപ്പെടുന്നുണ്ടോ എന്നതില്‍ രക്ഷിതാക്കള്‍ ജാഗരൂഗരായിരിക്കണമെന്നും ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.