ഷിയോപൂർ (മധ്യപ്രദേശ്): ക്വാറന്‍റൈൻ ഏരിയയിൽ നിന്ന് വലിയ മേഖലയിലേക്ക് സ്വൈര്യവിഹാരത്തിനായി തുറന്നുവിട്ട രണ്ട് ആൺ ചീറ്റകൾ ആദ്യ ഇരയെ പിടിച്ചു. സ്വൈര്യവിഹാരത്തിനായി തുറന്നുവിട്ട് 24 മണിക്കൂറിനകമാണ് നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിച്ച ചീറ്റകളിൽ രണ്ട് ആൺ ചീറ്റകള്‍ ആദ്യ ഇരയെ പിടിച്ചത്.
ക്വാറന്‍റൈൻ മേഖലയിൽ നിന്ന് ശനിയാഴ്‌ചയാണ് രണ്ട് ചീറ്റകളെയും 98 ഹെക്‌ടറിൽ വ്യാപിച്ചു കിടക്കുന്ന വലിയ പ്രദേശത്തേക്ക് തുറന്നുവിട്ടത്. തുടർന്ന് ഞായറാഴ്‌ച അർധരാത്രിയോടെ ചീറ്റകൾ ഒരു പുള്ളിമാനെ വേട്ടയാടി. രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ചീറ്റകൾ ഇരയെ ഭക്ഷിച്ചു.
തിങ്കളാഴ്‌ച രാവിലെയാണ് ഇരയെ വേട്ടയാടിയ വിവരം ഫോറസ്റ്റ് അധികൃതർക്ക് ലഭിക്കുന്നത്. സെപ്റ്റംബർ പകുതിയോടെ നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ശേഷമുള്ള ഇവറ്റകളുടെ ആദ്യ ഇരപിടിക്കലാണ് ഇത്. ഇതോടെ ചീറ്റകളുടെ ഇരപിടിക്കാനുള്ള ശേഷിയെ കുറിച്ചുള്ള കുനോ നാഷണൽ പാർക്ക് അധികൃതരുടെ ആശങ്കകളും ഇല്ലാതായി.
അഞ്ച് പെൺചീറ്റകൾ അടക്കം എട്ട് ചീറ്റകളെയാണ് സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ചത്. അന്നുമുതൽ ചീറ്റകൾ ക്വാറന്‍റൈനിലായിരുന്നു. ഫ്രെഡി, ആൾട്ടൺ എന്നീ ആൺ ചീറ്റകളെയാണ് ക്വാറന്‍റൈൻ അവസാനിപ്പിച്ച് ആദ്യമായി സ്വൈര്യവിഹാരത്തിനായി തുറന്നുവിട്ടത്. മറ്റ് ചീറ്റകളെയും ഉടൻതന്നെ ഘട്ടംഘട്ടമായി തുറന്നുവിടുമെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉത്തം കുമാർ ശർമ പറഞ്ഞു.
30 മുതൽ 66 മാസം വരെ പ്രായമുള്ളവരാണ് ഇന്ത്യയിലെത്തിച്ച ചീറ്റകൾ. ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. ഭോപ്പാലിലെ കുനോ വന്യജീവി സങ്കേതത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറന്നുവിട്ടത്. ഫ്രെഡി, ആൾട്ടൺ, സാവന്ന, സാഷ, ഒബാൻ, ആശ, സിബിലി, സൈസ എന്നിങ്ങനെയാണ് ചീറ്റകൾക്ക് പേര് നൽകിയത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച്, വന്യമൃഗങ്ങളെ മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിന് മുമ്പും ശേഷവും ഏതെങ്കിലും തരത്തിലുള്ള അണുബാധ പടരുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഒരു മാസത്തേക്ക് ക്വാറന്‍റൈനിൽ സൂക്ഷിക്കണം. സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ചത് മുതൽ എട്ട് ചീറ്റകളെയും പ്രത്യേക സ്ഥലങ്ങളിലായിരുന്നു പാർപ്പിച്ചിരുന്നത്. എരുമയുടെ മാംസമായിരുന്നു ഭക്ഷണമായി നൽകിയിരുന്നത്.
1947ൽ ഇന്നത്തെ ഛത്തീസ്‌ഗഡിലെ കൊരിയ ജില്ലയിലാണ് അവസാന ചീറ്റയും ചത്തത്. 1952ലാണ് ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്.