ഹൈദരാബാദ് : ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 (Chandrayaan 3), ചന്ദ്രോപരിതലത്തിൽ സ്‌പർശിക്കാൻ ഒരുങ്ങുകയാണ്. ലാൻഡറും (വിക്രം) റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യൂൾ (Landing Module) ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം നടത്തുന്ന സോഫ്‌റ്റ് ലാൻഡിങ്ങിനെ ബഹിരാകാശ നിരീക്ഷണ സമൂഹം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) നേതൃത്വം നൽകുന്ന ചാന്ദ്രദൗത്യത്തിലൂടെ (Lunar exploration) ബഹിരാകാശ യാത്ര നടത്തുന്ന മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ സ്ഥാനം ഉറപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത് (Chandrayaan 3 Soft Landing).
ചരിത്ര ദൗത്യം വിജയകരമായി പൂർത്തിയാക്കാനായാൽ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ബഹിരാകാശ പേടകമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ഐഎസ്ആർഒയുടെ രണ്ടാം ശ്രമത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനും റോബോട്ടിക് ചാന്ദ്ര റോവർ ഇറക്കാനുമായാൽ, ഈ സാങ്കേതികവിദ്യ വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, പഴയ സോവിയറ്റ് യൂണിയൻ എന്നിവരാണ് നേരത്തെ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിൽ വിജയിച്ചിട്ടുള്ളത്. ഇതോടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിൽ ഇന്ത്യയുടെ നേട്ടം പ്രതിബദ്ധതയുടെ തെളിവായി നിലകൊള്ളും.
റഷ്യയുടെ ബഹിരാകാശ പേടകം 'ലൂണ-25' (Luna-25) നിയന്ത്രണം വിട്ട് ചന്ദ്രനിൽ ഇടിച്ചിറക്കിയതിന് ശേഷമാണ് ഇന്ത്യ സോഫ്റ്റ് ലാൻഡിങ് നടത്താൻ ശ്രമിക്കുന്നതെന്നതും ശാസ്‌ത്രലോകം ഈ ദൗത്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമായിരിക്കുകയാണ്. പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ച് മണിക്കൂറുകൾക്കം തകർന്നുവീണു എന്നായിരുന്നു റഷ്യയുടെ പ്രതികരണം. രാജ്യത്തെ ജനങ്ങളും ശാസ്‌ത്രലോകവും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി 'വിക്രം' ലാൻഡ് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്.
ചാന്ദ്രദൗത്യങ്ങളും ശാസ്‌ത്രരംഗത്തെ ലക്ഷ്യങ്ങളും : ചന്ദ്രയാൻ-3 എന്നത് ലോകരാജ്യങ്ങൾക്കിടയിൽ അഭിമാനം ഉയർത്തിപ്പിടിക്കാനുള്ള ഒരു ഉദ്യമം മാത്രമല്ല, മറിച്ച് പുതിയ കണ്ടെത്തലുകള്‍ക്കായുള്ളതുമാണ്. മുൻഗാമിയായ ചന്ദ്രയാൻ-2 ന്‍റെ തുടർച്ചയായി നടത്തുന്ന ഈ ദൗത്യത്തിന് ബഹുമുഖ ലക്ഷ്യങ്ങളാണുള്ളത്. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനുള്ള വൈദഗ്‌ധ്യം ശാസ്‌ത്ര ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക, ചന്ദ്രന്‍റെ ഉപരിതലത്തിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുന്നതിലൂടെ മനുഷ്യധാരണകളില്‍ വിപ്ലവം സൃഷ്‌ടിക്കുക തുടങ്ങിയവയാണ് ശ്രദ്ധേയ ലക്ഷ്യങ്ങള്‍.
ഭൂതകാലത്തിൽ നിന്നുള്ള പാഠങ്ങൾ : ചാന്ദ്രപര്യവേഷണത്തിലേക്കുള്ള ഐഎസ്ആർഒയുടെ ആദ്യ കടമ്പയല്ല ചന്ദ്രയാൻ-3. 2008-ലായിരുന്നു ചന്ദ്രയാൻ പ്രഥമ ദൗത്യം നടത്തിയത്. ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ ഒമ്പത് മാസത്തെ പ്രവർത്തനത്തിന് ശേഷം ചന്ദ്രയാൻ -1 ന്‍റെ സ്റ്റാർ സെൻസറിന് തകരാര്‍ സംഭവിച്ചു. നിരവധി സാങ്കേതിക പ്രശ്‌നങ്ങൾ കാരണം വിക്ഷേപിച്ച് ഒരു വർഷത്തിന് ശേഷം 2009 ഓഗസ്റ്റ് 29 ന്, ദൗത്യം അവസാനിച്ചതായി ഐഎസ്ആർഒ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആസൂത്രിത ലക്ഷ്യങ്ങളുടെ 95 ശതമാനം പൂർത്തിയാക്കുന്നതിൽ ചന്ദ്രയാൻ 1 വിജയിച്ചിരുന്നു.
ചന്ദ്രയാന്‍ 2, 2019 സെപ്റ്റംബർ 7-ന് സോഫ്‌റ്റ് ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ പ്രശ്‌നം നേരിട്ടു. ചന്ദ്രയാൻ 2ലെ ലാൻഡറിലെ ബ്രേക്കിങ് സംവിധാനത്തിലെ അപാകതകളെ തുടർന്ന് പേടകത്തിന്‍റെ ലാൻഡർ 'വിക്രം' ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഈ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ചന്ദ്രയാൻ 3 ദൗത്യം നടപ്പിലാക്കിയത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലെത്തുന്നതിനുള്ള 41 ദിവസത്തെ യാത്രയ്ക്കായി 600 കോടി രൂപയുടെ ചന്ദ്രയാൻ 3, ജൂലൈ 14-ന് ലോഞ്ച് വെഹിക്കിൾ മാർക്ക്-III (LVM-3) റോക്കറ്റിലാണ് വിക്ഷേപിച്ചത്.
ഉദ്വേഗം നിറഞ്ഞ 17 മിനിട്ട് : ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ അവസാന ഘട്ടം പ്രവചനാതീതമാണ്. ഈ നിർണായകഘട്ടത്തിൽ ലാൻഡർ കൃത്യതയോടെ സമയബന്ധിതമായി എഞ്ചിൻ ഫയറിങ് നടത്തുകയും ഇന്ധന ഉപഭോഗം നിയന്ത്രിക്കുകയും വേണം. അതോടൊപ്പം 17 മിനിട്ടിനുള്ളിൽ സുരക്ഷിതമായ ലാൻഡിങ് ഉറപ്പാക്കാൻ ചന്ദ്രോപരിതലത്തിന്‍റെ സങ്കീർണമായ സ്‌കാനുകൾ നടത്തുകയും വേണം.
ചന്ദ്രോപരിതലത്തിലേക്ക് കുതിക്കുമ്പോൾ ലാൻഡറിനെ തിരശ്ചീനത്തിൽ നിന്ന് ലംബമായ ദിശയിലേക്ക് മാറ്റുന്നതിനുള്ള ധീരമായ തന്ത്രം ലാൻഡിങ് പ്രക്രിയയുടെ അവസാനഘട്ടത്തിൽ ഉൾപ്പെടുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ഇത് കൃത്യമായി നടപ്പിലാക്കുന്നതിനായി സങ്കീർണമായ കണക്കുകൂട്ടലുകള്‍ ആവശ്യമാണ്. ചന്ദ്രയാൻ 2ന്‍റെ ദൗത്യത്തിൽ നേരിട്ട വെല്ലുവിളികളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ഈ പ്രവർത്തനം ആവിഷ്‌കരിച്ചിരിക്കുന്നത്.
ഭാവിയിലേക്കുള്ള ഒരു നോട്ടം ; റോവറിന്‍റെ ശാസ്‌ത്രപര്യവേഷണം : സുരക്ഷിതമായ സോഫ്‌റ്റ് ലാൻഡിങ്ങിന് ശേഷം ലാൻഡറിനകത്തുനിന്ന് പുറത്തുവരുന്ന റോവർ ചന്ദ്രോപരിതലത്തിൽ ലക്ഷ്യബോധത്തോടെ സഞ്ചരിക്കും. ആൽഫ പാർട്ടിക്കിള്‍ എക്‌സ്-റേ സ്പെക്‌ട്രോമീറ്റർ (Alpha Particle X-Ray Spectrometer), ലേസർ-ഇൻഡ്യൂസ്‌ഡ് ബ്രേക്ക്ഡൗൺ സ്പെക്‌ട്രോസ്കോപ്പ് (Laser-Induced Breakdown Spectroscope) എന്നിവയുൾപ്പടെയുള്ള സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ റോവർ ചന്ദ്രന്‍റെ രാസഘടനയും ധാതുരഹസ്യങ്ങളും കണ്ടെത്തും.
അജ്ഞാതമായ സ്ഥലത്തേക്കുള്ള ചാന്ദ്രയാത്ര : ചന്ദ്രന്‍റെ ദക്ഷിണ ധ്രുവമേഖല, അതിന്‍റെ സവിശേഷമായ നിഗൂഢതകൾ കാരണം പര്യവേഷണം ചെയ്യപ്പെടാത്തതായി തുടരുകയാണ്. ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ഈ പ്രദേശത്ത് മറഞ്ഞിരിക്കുന്ന നിഗൂഢതകൾ വെളിപ്പെടുത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. നിഴൽ നിറഞ്ഞ ഗർത്തങ്ങളിൽ ജലസാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത ഈ ദൗത്യത്തിന്‍റെ പ്രാധാന്യം ഉയർത്തുന്നു.