ബെംഗളുരു : ഭാര്യയെ രാജകീയമായി നോക്കാൻ രാജസ്ഥാനിൽ നിന്നും വിമാനത്തിൽ ബെംഗളൂരുവിലെത്തി മാല മോഷണം നടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി ഉമേഷ് ഖാതിക് ആണ് പിടിയിലായത്. ഇയാൾ വർഷങ്ങൾക്ക് മുൻപ് ബെംഗളൂരുവിൽ ബൈക്ക് മോഷണമടക്കം നടത്തിയിട്ടുണ്ട്.
മോഷ്‌ടിച്ച ബൈക്കിൽ സഞ്ചരിച്ച്, ഒറ്റയ്ക്ക് പോകുന്ന സ്‌ത്രീകളെ ലക്ഷ്യമിട്ട് മാല മോഷണം ഇയാളുടെ പതിവായിരുന്നു. മോഷ്‌ടിച്ച ശേഷം ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുകയും മോഷണമുതൽ വിറ്റ പണം കൊണ്ട് ഭാര്യയെ രാജകീയമായി നോക്കിവരികയുമായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. അടുത്തിടെ മാറത്തഹള്ളി, പുറ്റനഹള്ളി, സി.കെ അച്ചിക്കാട്ട് പൊലീസ് സ്റ്റേഷൻ പരിധികളിലായി മൂന്നിടങ്ങളില്‍ നിന്ന് മാല മോഷ്‌ടിച്ചു. ഇതില്‍ സി.കെ അച്ചിക്കാട്ട് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് പ്രതി അറസ്റ്റിലായത്.
കഴിഞ്ഞ വർഷം ഡിസംബറിൽ ബെംഗളൂരു നഗരത്തിൽ മോഷണം നടത്തിയ പ്രതി ഹൈദരാബാദിലേക്ക് കടക്കുകയും അവിടെയും മോഷണം തുടർന്നു വരികയും ചെയ്‌തു. പ്രതിയുടെ പേരിൽ രാജസ്ഥാനിൽ 18, ഹൈദരാബാദിൽ 7, ബെംഗളുരുവിൽ 7 എന്നിങ്ങനെ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
പ്രതി പ്രണയിക്കുമ്പോഴും വിവാഹം ചെയ്യുമ്പോഴും പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ഇതിന് പ്രതി ജയിലിലടക്കപ്പെട്ടിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഉമേഷ് അതേ പെണ്‍കുട്ടിയെ വീണ്ടും വിവാഹം ചെയ്‌തു. ഭാര്യയെ നോക്കാനായാണ് മാല മോഷണം ആരംഭിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തുകയായിരുന്നു.