ന്യൂഡൽഹി: വിദ്വേഷം ജനിപ്പിക്കുന്ന ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരാഞ്ഞുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും ട്വിറ്റർ ഇന്ത്യക്കും നോട്ടീസ് അയച്ചു. വിനീത് ഗോയങ്ക സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബോപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. പ്രമുഖ വ്യക്തികളുടെ പേരിൽ നൂറുകണക്കിന് അക്കൗണ്ടുകളാണ് ട്വിറ്ററിലും ഫെയ്‌സ്‌ബുക്കിലും ഉള്ളതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
ഡൽഹിയിലടക്കം നടന്ന അതിക്രമങ്ങളുടെ മൂലകാരണം സാമൂഹ്യമാധ്യമങ്ങളിലെ ഇത്തരം അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ച വർഗീയതയും വ്യാജ വാർത്തകളും ആണെന്നും ഹർജിയിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷകരമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് നിർദ്ദേശങ്ങൾ ആവശ്യമാണെന്ന് ഗോയങ്കയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക അശ്വിനി ദുബെ കോടതിയെ അറിയിച്ചു.