റായ്‌പൂർ: കൊവിഡ് വാക്‌സിന്‍റെ വില കുറക്കണമെന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന് കത്തയച്ചു. 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ നൽകണമെന്ന കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത മുഖ്യമന്ത്രി വാക്‌സിന്‍റെ വിലയിലുള്ള ആശങ്കയും പങ്കുവച്ചു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലുമാണ് വിൽപനക്ക് ഒരുങ്ങുന്നത്. അതേ സമയം കേന്ദ്ര സർക്കാരിന് 150 രൂപ നിരക്കിലാണ് എസ്ഐഐ വാക്‌സിൻ നൽകുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് കൊവിഷീൽഡ് ഇന്ത്യയിൽ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അധിക വരുമാനത്തിന് വേണ്ടി മാത്രമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിന്‍റെ വില വർധിപ്പിക്കുന്നതെന്നും അദ്ദേഹം കത്തിൽ പറയുന്നു.
Read more: കൊവിഷീൽഡ് ഉടൻ വിപണിയിലെത്തുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്
മരുന്നുകളുടെ വില നിയന്ത്രണ പ്രൊവിഷൻ പ്രകാരം കേന്ദ്ര സർക്കാർ വാക്‌സിനുകളുടെ മിനിമം വില തീരുമാനിക്കണമെന്നും കമ്പനികളുടെ ചൂഷണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ഇന്ത്യയിൽ രണ്ട് കമ്പനികൾക്ക് മാത്രമാണ് കൊവിഡ് വാക്‌സിൻ നിർമിക്കാൻ അനുമതിയുള്ളത്. വിഷയത്തിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്നും എന്നാൽ മാത്രമേ മെയ് ഒന്ന് മുതൽ വലിയ രീതിയിൽ വാക്‌സിനേഷൻ ആരംഭിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
Read more: സർക്കാർ ആശുപത്രികളിൽ കൊവാക്സിൻ ഒരു ഡോസിന് 600 രൂപ