ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സർക്കാരിന് നിർദ്ദേശം നൽകി. ആഭ്യന്തരമന്ത്രാലയം പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്കയച്ച കത്തിലാണ് നിർദ്ദേശം. റിപ്പോർട്ട് സംസ്ഥാന സർക്കാർ അയച്ചില്ലെങ്കിൽ ഇക്കാര്യം ഗൗരവമായി കാണുമെന്നും കത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. അതേസമയം സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് നിലവിൽ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അക്രമം അവസാനിച്ചിട്ടില്ലെന്നും ഇത് നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നുമാണ് ഇതിനർഥമെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. തൃണമൂൽ കോൺഗ്രസ് - ബിജെപി അനുയായികൾ തമ്മിലായിരുന്നു പലയിടത്തും ഏറ്റുമുട്ടൽ. വ്യത്യസ്‌ത സംഭവങ്ങളിൽ 14 പ്രവർത്തകർ മരിച്ചതായി ബിജെപി സംസ്ഥാന ഘടകം അറിയിച്ചു.
കൂടാതെ നൂറോളം പാർട്ടി ഓഫീസുകളും അനുഭാവികളുടെ നാലായിരത്തോളം വീടുകളും അഗ്‌നിക്കിരയാക്കുകയും തകർക്കുകയും ചെയ്‌തതായി ബിജെപി വൃത്തങ്ങൾ ആരോപിച്ചു. ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഗവർണർ ജയ്‌ദീപ് ധാൻകർ നേരത്തെ ഡിജിപിയെ വിളിച്ചുവരുത്തി റിപ്പോർട്ട് തേടിയിരുന്നു.