ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ഭയന്നാണ് കേന്ദ്രം പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനമെടുത്തതെന്ന് പ്രിയങ്ക പറഞ്ഞു.
ഈ തീരുമാനം ഭയത്തിന്‍റെ പുറത്ത് മാത്രമുള്ളതാണെന്നും ഹൃദയത്തിൽ നിന്നുള്ളതല്ലെന്നും, വസൂലി സർക്കാരിന്‍റെ കൊള്ളയ്ക്ക്, വരുന്ന തെരഞ്ഞെടുപ്പിൽ ഉത്തരം കിട്ടുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ALSO READ: രണ്ടാം പിണറായി ഭരണം പാളിച്ചകളുടെ ഘോഷയാത്ര: ചെറിയാന്‍ ഫിലിപ്പ് ഇടിവി ഭാരതിനോട്
ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയുമാണ് കേന്ദ്ര സർക്കാർ ബുധനാഴ്‌ച കുറച്ചത്. അതേസമയം ചില സംസ്ഥാന സർക്കാരുകൾ രണ്ട് പെട്രോളിയം ഉൽപന്നങ്ങളുടെ വാറ്റ് നികുതിയും കുറച്ചു.
ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് ആനുപാതികമായി കുറയ്ക്കണമെന്ന് ധനമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്.
ALSO READ: അപമാനിക്കുന്നത് കൈയും കെട്ടി നോക്കി നില്‍ക്കില്ല; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ കെ സുധാകരന്‍
ഭാരതീയ ജനത പാർട്ടിയുടെ നേതൃത്വത്തിലുള്ള അസം സർക്കാർ പെട്രോളിന്‍റെയും ഡീസലിന്‍റെയും മൂല്യവർധിത നികുതി (വാറ്റ്) 7 രൂപ കുറച്ചതായി പ്രഖ്യാപിച്ചു. ഗുജറാത്ത്, മണിപ്പൂർ, ത്രിപുര, കർണാടക, ഗോവ സർക്കാരുകളും രണ്ട് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വാറ്റ് കുറച്ചതായി പ്രഖ്യാപിച്ചു.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരും ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറിന്‍റെ നേതൃത്വത്തിലുള്ള സർക്കാരും പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് 12 രൂപ കുറച്ചു.