ഹൈദരാബാദ്: കേന്ദ്രത്തിന്‍റെ പുതിയ വാക്സിൻ നയത്തിനെതിരെ എഐഎംഐഎം നേതാവ് അസദുദീൻ ഉവൈസി. കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച് കേന്ദ്രം ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഓവൈസി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സർക്കാർ നടത്തിയ പ്രസ്താവനകൾ തെറ്റാണെന്നും ഉവൈസി പറഞ്ഞു.
'കേന്ദ്രത്തിന്‍റേത് കള്ളകണക്കുകൾ'
"ഓഗസ്റ്റോടെ 135 കോടി വാക്സിൻ ഡോസുകൾ നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ 2021 ഡിസംബറോടെ 213 കോടി വാക്സിൻ ഡോസുകൾ കേന്ദ്രം നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ മെയ് 28ന് പറഞ്ഞിരുന്നു. 213 കോടി ഡോസിൽ നിന്ന് 135 കോടി ഡോസായി എങ്ങനെ കണക്കുകൾ കുറഞ്ഞു? കേന്ദ്രത്തിന്‍റെ നുണ കഥകൾ മാത്രമാണ് ഇതെല്ലാം", ഉവൈസി ആരോപിച്ചു.
വാക്‌സിനുകളുടെ സംഭരണവും ഉൽപാദനവും സംബന്ധിച്ച് മോദി സർക്കാർ തെറ്റായ വിവരങ്ങളാണ് പുറത്തുവിടുന്നതെന്ന് ഒവൈസി വ്യക്തമാക്കി. "ഇപ്പോൾ, അതായത് ജൂൺ മാസം വരെ, കൊവിഡ് വാക്സിൻ നിർമാതാക്കളിലൊരാളായ ഭാരത് ബയോടെക്കിന് പ്രതിമാസം 50 ലക്ഷം ഡോസുകൾ മാത്രമേ ഉത്പാദിപ്പിക്കാൻ സാധിച്ചിട്ടുള്ളൂ", ഉവൈസി പറഞ്ഞു.
"ഓഗസ്റ്റ് മുതൽ രാജ്യത്ത് വാക്സിൻ ഉത്പാദിപ്പിക്കുന്നത് ഏകദേശം 7 കോടി 60 ലക്ഷം ഡോസായിരിക്കുമെന്ന് മോദി പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റായ കണക്കാണ്. മോദി സർക്കാർ ഫെയറി ടെയിൽ കണക്കുകൾ ആണ് പുറത്ത് വിടുന്നത്", ഓവൈസി പറഞ്ഞു. ഇങ്ങനെ മന്ദഗതിയിൽ വാക്സിനേഷൻ തുടർന്നാൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകാൻ രണ്ട് വർഷം സമയമെടുക്കുമെന്ന് വിദഗ്ദർ പറയുന്നത് ശരിയാണെന്നും ഉവൈസി കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം
ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 135 കോടി ഡോസ് കൊവിഡ് വാക്സിനുകൾ രാജ്യത്ത് ലഭ്യമാക്കുമെന്ന് ഞായറാഴ്ച കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.
Also Read: രാജ്യത്ത് 135 കോടി കൊവിഡ് വാക്സിനുകൾ ലഭ്യമാക്കുമെന്ന് കേന്ദ്രം
135 കോടി വാക്സിനുകളിൽ 50 കോടി കൊവിഷീൽഡും 40 കോടി കോവാക്സിനും 10 കോടി സ്പുട്നിക്-വി വാക്സിനുമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ബയോ ഇ സബ് യൂണിറ്റ് വാക്‌സിന്‍റെ 30 കോടി ഡോസുകളും സൈഡസ് കാഡിലയുടെ ഡിഎൻഎ വാക്‌സിന്‍റെ 5 കോടി ഡോസുകളും ലഭ്യമാകുമെന്നും കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.