ഹൈദരാബാദ്: ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ ആറ് മെട്രോ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ ആർടി-പിസിആർ ടെസ്റ്റിന് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. ഡിസംബർ 19 അർദ്ധരാത്രി മുതല്‍ രാജ്യത്തെത്തുന്നവര്‍ക്കാണ് ഈ നിബന്ധന ബാധകമാവുക.
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളുരു, കൊൽക്കത്ത എന്നിവിടങ്ങളിലെത്തുന്നവരാണ് കൊവിഡ് ടെസ്റ്റിന് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.
ആർടി-പിസിആർ ടെസ്റ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടാലും യാത്രക്കാരെ വിമാനത്തിൽ കയറ്റാൻ അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഈ സാഹചര്യത്തിൽ യാത്രക്കാരെ തിരിച്ചറിഞ്ഞ് അവരെ പരിശോധനയ്‌ക്ക് വിധേയരാക്കേണ്ടത് വിമാനക്കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ, ടാൻസാനിയ, ഹോങ്കോങ്, ഇസ്രായേൽ എന്നീ രാജ്യങ്ങളേയുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്.