ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിൻ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 18 വയസ്സിന് മുകളിൽ പ്രായമായ എല്ലാവർക്കും ഇന്ന് മുതൽ വാക്സിൻ സൗജന്യമായിരിക്കും. പുതിയ വാക്സിൻ നയ പ്രകാരം 75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകും. 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാം.
ലക്ഷ്യം സമ്പൂർണ വാക്സിനേഷൻ
ഡിസംബർ മാസത്തോടെ സമ്പൂർണ വാക്സിനേഷൻ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്‍റെ പുതിയ നടപടി. 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇനി വാക്സിൻ സൗജന്യമാണ്. ഇതുവരെ 45 വയസിന് മുകളിൽ പ്രായമുളവർക്കായിരുന്നു കേന്ദ്രം സൗജന്യമായി വാക്സിൻ നൽകിയിരുന്നത്.
കൊവിഡ് വാക്സിനേഷൻ പദ്ധതിയുടെ വിജയത്തിന് സ്വകാര്യമേഖലയിലെ ഇടപെടൽ നിർണായകമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്തിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രത്തിനുള്ളതെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സൗജന്യ വാക്സിനേഷൻ
കേന്ദ്രം സംസ്ഥാനങ്ങൾക്ക് സംഭരിച്ചു നൽകുന്ന വാക്സിന്‍റെ അളവ് 50 ശതമാനത്തിൽ നിന്ന് 75 ശതമാനമായി വർധിപ്പിച്ചു. നേരത്തെ 18 മുതൽ 44 വയസ് വരെയുള്ളവർക്കായി സംസ്ഥാനങ്ങൾ ഉയർന്ന വില നൽകി കമ്പനികളിൽ നിന്ന് നേരിട്ടായിരുന്നു വാക്സിൻ വാങ്ങിയിരുന്നത്. ജനസംഖ്യ, രോഗവ്യാപനം, കാര്യക്ഷമമായ വാക്സീൻ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ ക്വാട്ട നിശ്ചയിക്കുക.
Also Read: സ്വകാര്യമേഖലയുടെ പങ്കാളിത്തം വാക്സിനേഷൻ കാര്യക്ഷമമാക്കുമെന്ന് കേന്ദ്രം
25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം. കോവിഷിൽഡിന് 780 രൂപയും കോവാക്സിന് 1,410 രൂപയും സ്പുട്നിക് ഫൈവിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാനാവുക.
29.10 കോടിയിലധികം (29,10,54,050) വാക്സിനേഷൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ ഇതുവരെ കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. 3.06 കോടിയിലധികം (3,06,34,638) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളിൽ നിലവിൽ സ്റ്റോക്കുണ്ടെന്നും കേന്ദ്രം പറഞ്ഞു.