ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്തരത്തിലുള്ള പാഴാക്കലുകൾക്ക് പകരം ജനങ്ങളുടെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ പാർലമെന്‍റ് മന്ദിരം, കേന്ദ്ര സർക്കാർ ഓഫീസുകൾക്കുള്ള ഒരു പൊതു സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ ഓഫിസ്, താമസസ്ഥലം, പ്രത്യേക സംരക്ഷണ കെട്ടിടം, വൈസ് പ്രസിഡന്‍റ് എൻക്ലേവ് എന്നിവ ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. 13,450 കോടി രൂപയാണ് ഇതിനായി കണക്കാക്കപ്പെടുന്ന ചെലവ്.
കൂടുതൽ വായനയ്‌ക്ക്: സെൻട്രൽ വിസ്ത നിര്‍ത്തലാക്കാനാവശ്യപ്പെടുന്ന ഹർജി മെയ് 17ന് പരിഗണിക്കും
ഒരു പുതിയ വീട് ലഭിക്കാനുള്ള അന്ധമായ അഹങ്കാരത്തിന് പകരം സാധാരണക്കാരുടെ ജീവിതത്തിന് പ്രാമുഖ്യം കൊടുക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കൊവിഡ് വ്യാപന സമയത്ത് ഇത്തരം ധൂർത്തിന് പകരം മെഡിക്കൽ രംഗത്തെ ഉന്നമനത്തിനായി പണം ഉപയോഗിക്കണമെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നിരവധി കോൺഗ്രസ് നേതാക്കൾ നേരത്തെയും രംഗത്തെത്തിയിരുന്നു.
അവശ്യസേവനങ്ങളിൽ ഉൾപ്പെടുത്തി സെൻട്രൽ വിസ്ത നിർമാണം തുടരുന്നതിനെയും രാഹുൽ വിമർശിച്ചു. രാജ്യതലസ്ഥാനത്തെ മറ്റ് എല്ലാ നിർമാണ പ്രവർത്തികളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം അനിശ്ചിതകാലമായി നിർത്തിവെച്ചപ്പോഴും സെൻട്രൽ വിസ്തയുടെ നിർമാണം മുടക്കമില്ലാതെ തുടർന്നതും വിമർശനം വിളിച്ചു വരുത്തിയിരുന്നു.
കൂടുതൽ വായനയ്‌ക്ക്: പ്രധാനമന്ത്രിയുടെ പുതിയ വസതി 2022-ൽ പൂർത്തികരിക്കുമെന്ന് കേന്ദ്രസർക്കാർ