ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനമാണ് വിജയം. ദിവസങ്ങൾ നീണ്ട് നിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് പന്ത്രണ്ടാം ക്ലാസ് ഫലം സിബിഎസ്ഇ പ്രഖ്യാപിച്ചത്. പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് രണ്ട് മണിയോടെ പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
12-ാം ക്ലാസില്‍ 92.71% വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണത്തേക്കാള്‍ ഏഴ് ശതമാനം കുറവാണ്. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 98.83%. ഫലം വൈകുന്നതിനാല്‍ കേരളത്തിലെ പ്ലസ് വണ്‍ പ്രവേശനം വൈകുകയാണ്. കേരള സിലബസില്‍ ഫലം പ്രഖ്യാപിച്ചിട്ട് ഒരു മാസത്തോളമായി. ഇവര്‍ പ്രവേശനത്തിന് കാത്തിരിക്കുമ്പോഴാണ് സിബിഎസ്ഇ ഫലപ്രഖ്യാപനം അനന്തമായി നീട്ടിയത്. സിബിഎസ്ഇ ഫലം പ്രഖ്യാപിക്കുന്നത് വരെ പ്രവേശന നടപടികള്‍ തടയണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇന്ന് മൂന്നു മണിക്ക് കേസ് പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാനാണ് സിബിഎസ്ഇയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.