ഒഡിഷ : മന്ത്രിസഭ പുഃനസംഘടനയുടെ ഭാഗമായി ഒഡിഷ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും നിയമസഭ സ്‌പീക്കർ സുർജ്യ നാരായണ പത്രോയും രാജിവച്ചു. മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ നിർദേശ പ്രകാരമാണ് നടപടി. നാളെ പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിന് മുന്നോടിയായാണിത്. ഞായറാഴ്‌ച രാവിലെ 11.45നാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.
നവീൻ പട്‌നായിക് മന്ത്രിസഭ മൂന്ന് വർഷം തികയ്ക്കുന്ന സാഹചര്യത്തിൽ മുഖംമിനുക്കലിന്‍റെ ഭാഗമായാണ് പുനഃസംഘടന. ബ്രജരാജ്‌നഗർ നിയമസഭ സീറ്റില്‍ ഉപതെരഞ്ഞെടുപ്പിലൂടെ ബിജെഡി സ്ഥാനാർഥി അളക മൊഹന്തി 66,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
നിലവിലെ മന്ത്രിസഭയിലെ ചില അംഗങ്ങള്‍ അടുത്തകാലത്ത് ചില അഴിമതിക്കേസുകളിൽ ഉള്‍പ്പെട്ടിരുന്നു. ഇവരെ ഒഴിവാക്കി യുവാക്കളുടേയും അനുഭവ സമ്പത്തുള്ളവരുടേയും മന്ത്രിസഭ രൂപീകരിക്കാനാണ് തീരുമാനം. കൂടാതെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നടപടികളിലൂടെയും മന്ത്രിസഭയുടെ മുഖംമിനുക്കലിന് ശ്രമമുണ്ട്.