കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്. സ്ഥാനാർഥികൾ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ച മുർഷിദാബാദ് ജില്ലയിലെ സംസർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങൾ, ഒഡിഷയിലെ പുരി ജില്ലയിലെ പിപ്പിലി നിയമസഭ മണ്ഡലം എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പശ്ചിമ ബംഗാളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലായി കേന്ദ്ര സേനയുടെ 72 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 35 എണ്ണം ഭവാനിപൂരിൽ മാത്രമാണ്. പോളിങ് കേന്ദ്രങ്ങൾക്ക് 200 മീറ്റർ ചുറ്റളവിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. ഭവാനിപൂർ മണ്ഡലത്തിലെ 38 സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റും ഏർപ്പെടുത്തി.
ഭവാനിപൂരിൽ ദ്രുത പ്രതികരണ സംഘങ്ങൾ ഉൾപ്പെടെ സേനയുടെ ശക്തമായ സുരക്ഷയുണ്ടാകും. ജംഗിപൂർ, സംസർഗഞ്ച് സീറ്റുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒക്‌ടോബർ മൂന്നിനാണ് തെരഞ്ഞെടുപ്പ് ഫലം വരിക. ബിജെപിയുടെ പ്രിയങ്ക തിബ്രേവാൾ, സിപിഎമ്മിന്‍റെ ശ്രീജിബ് ബിശ്വാസ് എന്നിവരാണ് മമതയ്ക്കെതിരെ മത്സരിക്കുന്നത്.
ഒഡിഷയിലെ പിപ്പിലിയിൽ ഏപ്രിൽ 17നാണ് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും അന്നത്തെ കോൺഗ്രസ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പിപ്പിലിയിലെ 348 പോളിങ് ബൂത്തുകളിൽ 201 എണ്ണം സെൻസിറ്റിവ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ തന്നെ 102 പോളിങ് ബൂത്തുകൾ അതിലോലമാണ്. പിപ്പിലിയിലെ പോളിങ് ബൂത്തുകളിൽ 2000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Also Read: മോൻസന്‍റെ വീട്ടിലെ ആനക്കൊമ്പ് വ്യാജമെന്ന് സംശയം; പരിശോധനയ്ക്ക് അയക്കാൻ വനം വകുപ്പ്