ജലന്ധർ : ഭാര്യയെയും കുടുംബത്തെയും തീയിട്ട് കൊലപ്പെടുത്തിയ ഭർത്താവ് ജീവനൊടുക്കിയ നിലയിൽ. ഇന്നലെയാണ് (ഒക്‌ടോബർ 19) ഖുർസൈദ്‌പുര സ്വദേശി കഹ്‌ലോണിനെ ലുധിയാനയിലെ സിധ്വാൻ ബെറ്റ് ഗ്രാമത്തിലെ വയലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെയും കുടുംബത്തെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു.
പരംജിത് കൗര്‍ സ്‌മിത്തെന്ന യുവതി, പിതാവ് സുർജൻ സിങ്, മാതാവ് ജോഗിന്ദ്ര ദേവി, മക്കളായ ഗുൽമോഹർ, അർഷ്‌ദീപ് എന്നിവരെയാണ് ഇയാൾ തീ കൊളുത്തി കൊലപ്പെടുത്തിയത്. പഞ്ചാബ് ജലന്ധറിലെ മദ്ദേപുരില്‍ തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 17) രാത്രിയായിരുന്നു നടുക്കുന്ന സംഭവം.
കൊലപാതകത്തിന് പിന്നിൽ പരംജിത് കൗറിന്‍റെ രണ്ടാമത്തെ ഭർത്താവായ ഖുർസെദ്‌പുര സ്വദേശിയായ കഹ്‌ലോണും സുഹൃത്തുക്കളുമാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു കുൽദീപ് സിംഗ്.
ഭർത്താവിന്‍റെ മരണശേഷം രണ്ട് കുട്ടികളുള്ള പരംജിത് കൗർ(28) പുനർവിവാഹം കഴിക്കുകയായിരുന്നു. കുറച്ചുകാലം ഭർത്താവിനൊപ്പം താമസിച്ചുവെങ്കിലും ഇയാൾ യുവതിയെയും കുട്ടികളെയും തുടർച്ചയായി മർദിച്ചിരുന്നു. മക്കളെ ഉപേക്ഷിക്കണമെന്ന് പറഞ്ഞായിരുന്നു വഴക്ക്. എന്നാൽ യുവതി ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് മർദനം രൂക്ഷമായി.
ഒടുവിൽ മര്‍ദനം സഹിക്കാനാവാതെ മക്കളെയും കൂട്ടി യുവതി സ്വന്തം വീട്ടിലെത്തി. കുട്ടികളെ ഒപ്പം കൂട്ടാതെ തന്‍റെ വീട്ടിലേക്ക് ചെല്ലാന്‍ പ്രതി നിര്‍ബന്ധിച്ചെങ്കിലും ഇതിന് യുവതി തയ്യാറായില്ല. പ്രകോപിതനായ ഭര്‍ത്താവ് കൂട്ടുകാരുമായെത്തി പറത്തുനിന്നും പൂട്ടി പെട്രോള്‍ ഒഴിച്ച് വീടിന് തീവയ്ക്കുകയായിരുന്നു.
തുടർന്ന് സംഭവസ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇയാളുടെ കൂട്ടാളികളിലൊരാളായ കുൽവീന്ദറിനെ ഇന്നലെ അറസ്റ്റ് ചെയ്‌തുവെന്ന് ജലന്ധർ റൂറൽ പൊലീസ് ഓഫിസർ ഹർജീത് സിങ് പറഞ്ഞു.