ന്യൂഡൽഹി: കശ്‌മീരിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലേക്കും പാകിസ്ഥാൻ ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് തീവ്രവാദികളെ അയയ്ക്കുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്ന് അതിർത്തിയിൽ സുരക്ഷ വർധിപ്പിച്ചതായി അതിർത്തി രക്ഷാസേന അറിയിച്ചു. 96 കിലോമീറ്റർ നിയന്ത്രണ രേഖയിൽ പട്രോളിങ് സംഘത്തെ വിന്യസിച്ചതായും ബിഎസ്എഫ് അറിയിച്ചു. കനത്ത മഞ്ഞുവീഴ്‌ചയെ അവഗണിച്ചാണ് സൈന്യം അതിർത്തിയിൽ കാവൽ നിൽക്കുന്നതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറയുന്നു.
തീവ്രവാദികൾ നുഴഞ്ഞു കയറുകയാണെങ്കിൽ അതിർത്തിയിലെ കനത്ത മഞ്ഞുവീഴ്‌ച കാരണം കാൽപ്പാടുകൾ മൂടപ്പെടുമെന്നും തീവ്രവാദികളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു. കാലാവസ്ഥ അനുകൂലമായാൽ വ്യോമ നിരീക്ഷണത്തിനായി ഡ്രോണുകൾ വിന്യസിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷ സേനയിൽ നിന്ന് രക്ഷപെടാൻ തീവ്രവാദികൾക്ക് പാകിസ്ഥാൻ ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് ശൈത്യകാല വസ്ത്രങ്ങളും റേഷനും നൽകുന്നുണ്ടെന്ന് ജമ്മു കശ്‌മീരിലെ സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിനായി ജമ്മു, രാജസ്ഥാൻ അതിർത്തികളിൽ സുരക്ഷ സേന 'ഓപ്പറേഷൻ സർദ് ഹവ' ആരംഭിച്ചിട്ടുണ്ട്.
Also Read: "വാക്‌സിനേഷന് അർഹരായവരിൽ 95 ശതമാനം പേരും ആദ്യ ഡോസ് എടുത്തു": മൻസുഖ് മാണ്ഡവ്യ