അമൃത്‌സർ : ഇന്ത്യ - പാക് വിഭജനത്തിലൂടെ രണ്ട് രാജ്യങ്ങളിലായ സഹോദരങ്ങൾ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ ഇന്ത്യക്കാരെ അനുവദിക്കുന്ന കർതാർപൂരിലാണ് വികാര നിർഭരമായ ഒത്തുചേരൽ നടന്നത്. പഞ്ചാബ് സ്വദേശി 80 കാരനായ ഗുർമൈൽ സിങ്ങാണ് പാകിസ്‌ഥാനിലെ ഷെയ്‌ഖ്‌പുരയിൽ നിന്നുള്ള 68 കാരിയായ സഹോദരി സക്കീനയെ ചേർത്തുപിടിച്ചത്.
1947 ൽ ഇന്ത്യ പാക് വിഭജന സമയത്ത് ഇരുവരുടേയും കുടുംബം പഞ്ചാബിലെ ലുധിയാനയിൽ നിന്ന് പാകിസ്ഥാനിലേയ്‌ക്ക് കുടിയേറുകയായിരുന്നു. അന്ന് സൈന്യം കുടുംബത്തെ കൂട്ടിക്കൊണ്ടുപോകാൻ ലുധിയാനയിലെ ഇവരുടെ വീട്ടിൽ എത്തിയ സമയത്ത് അഞ്ച് വയസുകാരനായിരുന്ന ഗുർമൈൽ സിങ് വീട്ടിൽ ഇല്ലായിരുന്നു. ഒരുപാട് തെരഞ്ഞിട്ടും കാണാതായതോടെ മകനെ ഇന്ത്യയിൽ വിട്ട് രക്ഷിതാക്കൾ പാകിസ്ഥാനിലേയ്‌ക്ക് കുടിയേറി.
ശേഷം 1955 ൽ പാകിസ്ഥാനിൽ വച്ചാണ് ദമ്പതികൾക്ക് സക്കീന ജനിക്കുന്നത്. ഫോട്ടോയിലൂടെ മാത്രമാണ് തന്‍റെ സഹോദരനെ കണ്ടിട്ടുള്ളതെന്ന് വികാര നിർഭരമായ കണ്ടുമുട്ടലിന് ശേഷം സക്കീന പറഞ്ഞു. പാകിസ്ഥാനിലുള്ള ഞങ്ങളുടെ കുടുംബത്തിന് സഹോദരൻ കത്തുകൾ അയക്കുമായിരുന്നു. തനിക്ക് രണ്ടര വയസുള്ളപ്പോൾ അമ്മ മരിച്ചു. അതോടെ കത്തുകളുടെ വരവും നിന്നു. പിന്നീട് പ്രായപൂർത്തിയായപ്പോൾ പിതാവാണ് തനിക്ക് ഇന്ത്യയിൽ ഒരു സഹോദരനുള്ളതായി പറയുകയും ചിത്രങ്ങൾ കാണിച്ചുതരികയും ചെയ്‌തതെന്ന് സക്കീന പറഞ്ഞു.
Read More : 1974ലെ വിഭജനത്തില്‍ വേർപിരിയല്‍, വർഷങ്ങൾക്കിപ്പുറം സമാഗമം; കണ്ണുനനയിച്ച് സഹോദരങ്ങൾ
കണ്ടുമുട്ടൽ സമൂഹ മാധ്യമത്തിന്‍റെ സഹായത്തോടെ : സഹോദരനെ കാണാൻ ഏറെ താത്പര്യമുണ്ടായിരുന്ന സക്കീനയുടെ ആഗ്രഹം സമൂഹ മാധ്യമത്തിന്‍റെ സഹായത്തോടെയാണ് സഫലമായത്. ഇവരുടെ ആഗ്രഹം അറിഞ്ഞ മരുമകൻ ഒരു യൂട്യൂബറെ ബന്ധപ്പെട്ട് ഗുർമൈൽ സിംഗ് അയച്ച കത്തുകളും അദ്ദേഹത്തിന്‍റെ ഫോട്ടോകളും അതിലൂടെ പ്രചരിപ്പിക്കുകായിരുന്നു. തുടർന്ന് 2022ൽ സഹോദരങ്ങൾ വീഡിയോ കോളിലൂടെ ആദ്യമായി നേരിൽ കണ്ടു.
also read : ഇന്ത്യ-പാക് വിഭജനത്തോടെ അകന്നു; 75 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി സഹോദരങ്ങളുടെ കുടുംബങ്ങള്‍
ഒടുവിൽ കർതാർപൂർ ഇടനാഴിയിൽ വച്ച് ഇരുവരും സ്നേഹം പങ്കിട്ടപ്പോൾ ഗുർമൈലിന്‍റെയും സക്കീനയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. ഇരു രാജ്യങ്ങളും വിസ അനുവദിച്ചാൽ പരസ്‌പരം രണ്ടുപേരുടേയും നാടുകളും വീടുകളും കാണാനുള്ള ആഗ്രഹത്തിലാണ് വൃദ്ധ സഹോദരങ്ങൾ.
75 വർഷത്തിന് ശേഷം മറ്റൊരു സംഗമം : ഇക്കഴിഞ്ഞ മെയ് മാസം കർതാർപൂർ ഇടനാഴിയിൽ വച്ച് സമാന സംഭവം നടന്നിരുന്നു. വിഭജന കാലത്ത് ഇന്ത്യയിലും പാകിസ്ഥാനിലുമായി വേർപെട്ടുപോയ 81 കാരിയായ മഹീന്ദർ കൗറും 78 കാരനായ ഷെയ്ഖ് അബ്‌ദുല്ല അസീസുമാണ് പരസ്‌പരം കണ്ടുമുട്ടിയത്. ഇന്ത്യയിൽ താമസിച്ചിരുന്ന മഹീന്ദർ സമൂഹ മാധ്യമത്തിന്‍റെ സഹായത്തോടെയാണ് പാകിസ്ഥാൻ അധീന കാശ്‌മീരിൽ താമസിച്ചിരുന്ന സഹോദരനെ കണ്ടെത്തുന്നത്.