സംബൽപൂർ: ഒഡിഷയിൽ വിവാഹ വിരുന്നിൽ ആട്ടിറച്ചി വിളമ്പാൻ വരനും ബന്ധുക്കളും ആവശ്യപ്പെട്ടതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഒഡിഷയിലെ സംബൽപൂർ ജില്ലയിലെ ധാമ ഏരിയയിലാണ് സംഭവം. വിവാഹത്തിന് ആട്ടിറച്ചി ഉൾപ്പെടെ വിവിധ വിഭവങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ അവസാന പന്തിയിൽ ഇരുന്നവർക്ക് വിളമ്പാൻ ആട്ടിറച്ചി തികയാതെ പോയി.
രാത്രി ഏറെ ഏറെ വൈകിയതിനാൽ വധുവിന്‍റെ വീട്ടുകാർക്ക് ആട്ടിറച്ചി ഏർപ്പാടാക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് വരന്‍റെ വീട്ടുകാർ വധുവിന്‍റെ കുടുംബത്തോട് മോശമായി പെരുമാറുകയും ആട്ടിറച്ചി വേണമെന്ന് വാശിപിടിക്കുകയും ചെയ്‌തു. തുടർന്നാണ് വിവാഹം ഉപേക്ഷിക്കാൻ വധു തീരുമാനിച്ചത്.
ഒഡിഷയിൽ ബാങ്ക് ജോലിക്കാരനാണ് വരൻ. സ്വന്തം കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ബഹുമാനിക്കാൻ സാധിക്കാത്ത ഒരാൾ എങ്ങനെയാണ് തന്നെ സംരക്ഷിക്കുകയെന്നാണ് സംഭവത്തിൽ വധുവിന്‍റെ വിശദീകരണം.
മകൻ ഉപേക്ഷിച്ച വധുവിന് വിരുന്നൊരുക്കി ദമ്പതികൾ: പശ്ചിമ ബംഗാളിൽ സ്വന്തമായി ജോലിയില്ലാത്തതിനാൽ മകൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് വധുവിന് വരന്‍റെ വീട്ടുകാർ വിരുന്നൊരുക്കിയ അപൂർവ സംഭവം നടന്നിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയായ സുബ്രട്ടയാണ് ജോലിയില്ലെന്ന കാരണത്താൽ വിവാഹത്തില്‍ നിന്ന് പിന്മാറി നാടുവിട്ടുപോയത്. ഒരു വര്‍ഷത്തിലധികമായി സുബ്രട്ടയെ വിവാഹം ചെയ്യണമെന്ന പിടിവാശിയിലായിരുന്നു ബണ്ടി ബസാക് എന്ന യുവതി.
ഏപ്രില്‍ ഒന്‍പതിനാണ് ഇയാൾ പിതാവിനെ ഫോൺ ചെയ്‌ത് വീട്ടിലേയ്‌ക്ക് മടങ്ങി വരില്ലെന്ന് അറിയിച്ചത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും യുവാവിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. അതേസമയം വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയെങ്കിലും വധു തന്‍റെ തീരുമാനത്തിൽ ഉറച്ച് നിന്നു.
ശേഷം യുവതി സുബ്രട്ടയുടെ ഭാര്യയായി സ്വയം സങ്കല്‍പ്പിച്ച് അയാളുടെ മാതാപിതാക്കളെ പരിചരിക്കാൻ തുടങ്ങി. ബണ്ടിയുടെ പ്രവർത്തിയിൽ സ്‌നേഹം തോന്നിയ വരന്‍റെ മാതാപിതാക്കൾ യുവതിയെ സ്വന്തം മരുമകളായി അംഗീകരിക്കുകയും സംസ്ഥാനത്തെ പ്രത്യേക ആഘോഷമായി ജമെയ് ശസ്‌തിയ്‌ക്ക് വിരുന്നൊരുക്കുകയുമായിരുന്നു.
കതിർ മണ്ഡപത്തിൽ നിന്ന് ഒളിച്ചോടി വരൻ : ഇക്കഴിഞ്ഞ മെയിൽ കതിർമണ്ഡപത്തിൽ നിന്ന് വരൻ ഒളിച്ചോടി വാർത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ ബറേലിയിലായിരുന്നു രസകരമായ സംഭവമുണ്ടായത്. ഒടുവിൽ 20 കിലോമീറ്ററോളം പിന്തുടർന്ന് വധുവിന്‍റെ വീട്ടുകർ വരനെ പിടികൂടുകയും, പിടികൂടിയ സ്ഥലത്തിന് അടുത്തുള്ള ഒരു ക്ഷേത്രത്തിൽ വച്ച് ഇവരുടെ വിവാഹം നടത്തുകയുമായിരുന്നു.
കോളജ് കാലം മുതലുള്ള പ്രണയത്തിനൊടുവിലാണ് ബറേലി സ്വദേശികളായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. എന്നാൽ വിവാഹം ദിവസം വസ്‌ത്രം മാറാനെന്ന് പറഞ്ഞ് വരൻ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. ഏറെ സമയം കഴിഞ്ഞും തിരിച്ച് വരാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ സ്ഥലം വിട്ടതായി മനസിലാക്കിയത്. അതേസമയം കതിര്‍മണ്ഡപത്ത് നിന്നും ഒളിച്ചോടാന്‍ വരനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ലെന്ന് വധുവിന്‍റെ വീട്ടുകാർ അറിയിച്ചു.