ന്യൂഡൽഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി എൻവി രമണ ചുമതലയേൽക്കും. എൻവി രമണയെ ചീഫ് ജസ്റ്റിസായി നിയമിച്ചുക്കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി റാംനാഥ് കോവിന്ദ് പുറപ്പെടുവിച്ചു. ഏപ്രില്‍ 24നാണ് അദ്ദേഹം ചുമതലയേൽക്കുക. സുപ്രീംകോടതിയുടെ 48-ാം ചീഫ് ജസ്റ്റിസായാണ് അദ്ദേഹം നിയമിതനാവുന്നത്.
എൻവി രമണയെക്കുറിച്ച്
1957 ഓഗസ്റ്റ് 27 ന് ആന്ധ്രാപ്രദേശിലെ പൊന്നാവരം ഗ്രാമത്തിൽ ഒരു കാർഷിക കുടുംബത്തിലാണ് എൻവി രമണ ജനിച്ചത്. നുതലാപതി വെങ്കട്ട രമണ എന്നാണ് പൂർണനാമം. ശാസ്‌ത്രം, നിയമം എന്നീ മേഖലയിൽ ബിരുദം നേടിയ അദ്ദേഹം കുടുംബത്തിലെ ആദ്യത്തെ അഭിഭാഷകനാണ്. സിവിൽ, ക്രിമിനൽ വിഭാഗങ്ങളും അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.
ഭരണഘടന, തൊഴിൽ, സേവനം, അന്തർ സംസ്ഥാന നദി തർക്കങ്ങൾ, തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം ശക്തമായി ഇടപെട്ടിരുന്നു. 2000 ജൂൺ 27ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്‌ജിയായി നിയമിതനായ അദ്ദേഹം 2013 മാർച്ച് 10 മുതൽ 2013 മെയ് 20 വരെ ആന്ധ്ര ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചു.