ലക്‌നൗ : ഹത്രാസ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ സമാധാന ലംഘനത്തിന് ചുമത്തിയ കേസ് മഥുര കോടതി റദ്ദാക്കി.
കുറ്റാരോപണം തെളിയിക്കാന്‍ പൊലീസിന് നല്‍കിയ ആറ് മാസത്തെ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. കാപ്പനൊപ്പം അറസ്റ്റിലായ മൂന്ന് പേര്‍ക്കുമെതിരായ കേസും റദ്ദാക്കിയിട്ടുണ്ട്.
സെക്ഷൻ 116 (6) പ്രകാരം നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിനാല്‍ നാല് പ്രതികൾക്കെതിരായ നടപടികൾ ഉപേക്ഷിച്ചതായി മധുര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവിൽ പറയുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ നിലനില്‍ക്കും.
Read more: ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്; സിദ്ദിഖ് കാപ്പനെ ഡൽഹിയിൽ ചികിത്സിക്കാൻ സുപ്രീം കോടതി ഉത്തരവ്
ഹത്രാസ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് പോകുന്നതിനിടെ,നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധമുണ്ടെന്ന് ആരോപിച്ച് സിദ്ദിഖ് കാപ്പൻ, അതിക്കൂർ റഹ്‌മാൻ, ആലം, മസൂദ് അഹമ്മദ് എന്നിവരെ 2020 ഒക്ടോബർ 5 ന് യുപി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹത്രാസിൽ അശാന്തി സൃഷ്‌ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്‌തതെങ്കിലും പിന്നീട് ഐപിസിയിലെ വിവിധ വകുപ്പുകള്‍, യുഎപിഎ, ഐടി ആക്‌ട് എന്നിവ ചുമത്തി. കാപ്പന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരായ കുറ്റപത്രം കഴിഞ്ഞ ഏപ്രിലില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.