ബെംഗളൂരു: കൊവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചതിനെ തുടർന്ന് കൗമാരക്കാരനെയും മറ്റ് 2 പേരെയും മർദിച്ചതിന് ബ്രഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ബൂത്ത് ലെവൽ ഓഫീസർക്കെതിരെ ബെംഗളൂരു സെൻട്രൽ ഡിവിഷൻ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്‌തു. വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യുന്നതിനായി യുവാവ് ബിബിഎംപിയിലേക്ക് എത്തിയതായിരുന്നു. എന്നാൽ കൊവിഡ് പരിശോധനയ്ക്കുള്ള രജിസ്ട്രേഷനാണ് അവിടെ നടക്കുന്നത് എന്ന് അറിഞ്ഞ് പിന്മാറാൻ ശ്രമിച്ചു. ഇതാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. നിർബന്ധിച്ച് ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കുന്നതായും വീഡിയോയിൽ വ്യക്തമാണ്.
Also Read: സംസ്ഥാനത്ത് വാക്‌സിൻ എത്തി; ഇന്ന് മുതൽ വിതരണം സജീവം
വീഡിയോ വൈറലായതോടെ ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്‌ത സംഭവത്തിൽ ഖേദം പ്രകടപ്പിച്ച് രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഐപിസി സെക്ഷൻ 341, 323, 504 പ്രകാരം സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി സെൻട്രൽ ബെംഗളൂരു ഡയറക്ടർ ജനറൽ പി.ഐ. ഹലസുരുഗേറ്റ് പറഞ്ഞു.