വാരണാസി : ജ്യേഷ്‌ഠന്‍റെ ജന്മദിനാഘോഷത്തിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങി എട്ടുവയസുകാരന്‍ മരിച്ചു. ഉത്തര്‍ പ്രദേശ് വാരണാസിയിലെ ജൻസ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സജോയ് ഗ്രാമത്തിലാണ് സംഭവം. കേക്ക് ശ്വാസനാളത്തില്‍ കുടുങ്ങിയതാണ്, അധ്യാപകനായ ധീരജ് ശ്രീവാസ്‌തവയുടെ ഇളയ മകനായ പ്രഞ്‌ജലിന്‍റെ (8) മരണത്തിനിടയാക്കിയത്.
സംഭവം ഇങ്ങനെ: ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (14.08.2023) ധീരജിന്‍റെ മൂത്ത മകന്‍റെ ജന്മദിനമായിരുന്നു. ഇതുപ്രമാണിച്ച് അദ്ദേഹം ഒരു കേക്ക് വാങ്ങി വീട്ടിലെത്തി. രാത്രിയോടെ കേക്ക് മുറിച്ച ശേഷം ഇവര്‍ കുടുംബാംഗങ്ങള്‍ക്ക് വിതരണവും ചെയ്‌തു. ഇതിനിടെ പ്രഞ്‌ജല്‍ കഴിച്ച കേക്ക് അവന്‍റെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു.
ഇതോടെ ശ്വാസതടസം നേരിട്ട പ്രഞ്‌ജലിനെ ഇവര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ സമയം നില വഷളാണെന്ന് കാണിച്ച് കിടത്തി ചികിത്സയും ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. അങ്ങനെ രണ്ടുദിവസത്തെ ചികിത്സയ്‌ക്കിടെയാണ് കുട്ടി മരണത്തിന് കീഴടങ്ങുന്നത്.
Also Read: കോണ്‍സ്റ്റബിളിന്‍റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി, 'രക്ഷാമുറ'യെടുത്ത് എസ്ഐ ; വീഡിയോ പുറത്ത്
അടപ്പ് തൊണ്ടയില്‍ കുടുങ്ങി മരണം : അടുത്തിടെ ഹരിയാനയിലെ അംബാലയില്‍ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി 15 വയസുകാരന്‍ മരിച്ചിരുന്നു. അംബാല കന്‍റോൺമെന്‍റിലെ ഡിഫൻസ് കോളനിയില്‍ താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി യാഷാണ് മരിച്ചത്. സംഭവദിവസം രാത്രി ശീതളപാനീയത്തിന്‍റെ അടപ്പ് തുറക്കാനാകാത്തതിനെ തുടര്‍ന്ന് സഹോദരി യാഷിനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യാഷ് പല്ല് കൊണ്ട് കുപ്പിയുടെ അടപ്പ് തുറക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി. ഇത് പുറത്തെടുക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും യാഷിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
ഒളിച്ചുകളിക്കുന്നതിനിടെ ശ്വാസം മുട്ടി മരണം : ഇക്കഴിഞ്ഞ മേയില്‍ ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ഒളിച്ച് കളിക്കുന്നതിനിടെ കാറിനുള്ളിൽ കയറിയ നാല് വയസുകാരി ശ്വാസം മുട്ടി മരിച്ചിരുന്നു. ബറേലി ജില്ലയിലെ ബിഷ്രത്‌ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭഗവന്ത്‌പൂർ ഗ്രാമത്തിലായിരുന്നു ദാരുണമായ ഈ സംഭവം. കരാർ തൊഴിലാളിയും ഭഗവന്ത്പൂർ ഗ്രാമത്തിലെ താമസക്കാരനുമായ കുൻവർ സെന്നിന്‍റെ മകൾ മധുവാണ് സംഭവത്തെ തുടര്‍ന്ന് മരിച്ചത്.
സംഭവദിവസം വൈകുന്നേരം മധു വീടിന് പുറത്ത് കുറച്ച് സുഹൃത്തുക്കൾക്കൊപ്പം ഒളിച്ച് കളിക്കുകയായിരുന്നു. ഇതിനിടെ വീടിന് മുന്നിൽ മൂടിയിട്ടിരുന്ന കാറിനുള്ളിൽ മധു ഒളിക്കാനായി കയറി. കാർ മൂടിയിട്ടിരുന്നതിനാൽ തന്നെ കുട്ടിയെ ആരും ശ്രദ്ധിച്ചതുമില്ല. ഒടുവിൽ ഏറെ നേരം കഴിഞ്ഞിട്ടും മധു വീട്ടിൽ തിരിച്ചെത്താതായതോടെയാണ് വീട്ടുകാർ അന്വേഷിച്ച് തുടങ്ങുന്നത്.
കുട്ടിയെ കണ്ടെത്തുന്നത് ഇങ്ങനെ : മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലും മാതാപിതാക്കൾക്ക് കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ പുറത്ത് അന്വേഷിക്കുന്നതിനായി പോവുന്നതിന് പിതാവ് കാറിന്‍റെ കവർ ഊരി മാറ്റിയപ്പോഴാണ് അബോധാവസ്ഥയിൽ ബാലികയെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
എന്നാല്‍ കുട്ടി കാറിനുള്ളിൽ കയറിയ ഉടനെ കാർ ലോക്കാവുകയും തുറക്കാനാകാത്തതിനെ തുടർന്ന് ശ്വാസം മുട്ടി മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.