ഇസ്‌ലാമാബാദ്: ലഡാക്കിലെ കാർഗിൽ ജില്ലയിൽ കാണാതായ 28 കാരിയായ ഇന്ത്യൻ യുവതിയുടെ മൃതദേഹം പാകിസ്ഥാനിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ ബുധനാഴ്‌ച (ജൂലൈ 26) കണ്ടെത്തി. യുവതിയുടെ മൃതദേഹം കാർഗിൽ നദിയിൽ നിന്ന് കണ്ടെത്തി ഖർമംഗ് ജില്ലയിൽ സംസ്‌കരിച്ചതായി ജില്ല ഡെപ്യൂട്ടി കമ്മിഷണർ (ഡിസി) മുഹമ്മദ് ജാഫർ അറിയിച്ചു. നേരത്തെ കാർഗിൽ പൊലീസ് സ്‌റ്റേഷനിൽ നിന്ന് യുവതിയുടെ ചിത്രം അടങ്ങിയ ലഘുലേഖ പ്രചരിപ്പിച്ചിരുന്നു.
മൃതദേഹം തിരിച്ചറിയുന്നതിനായി ഗിൽജിത്-ബാൾട്ടിസ്ഥാൻ ഭരണകൂടത്തിനും ലഘുലേഖ അയച്ചു. ബെൽഖീസ് ബാനു എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് പ്രചരിപ്പിച്ച ലഘുലേഖയിൽ, അവര്‍ക്ക് അഞ്ചടി ഉയരമുണ്ടെന്നും ചുവന്ന സ്വെറ്ററിനൊപ്പം പച്ച വസ്‌ത്രമാണ് ധരിച്ചിരുന്നതെന്നും പറയുന്നു.
ജൂലൈ 15 ന് അക്‌ചമാലിലെ വീട്ടിൽ നിന്ന് ബെല്‍ഖീസ് ബാനുവിനെ കാണാതാവുകയായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ യുവതിയുടെ ഐഡന്‍റിറ്റി സ്ഥിരീകരിച്ചാൽ ഇരു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ശേഷം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം യുവതിയുടെ മയ്യിത്ത് നമസ്‌കാരം നടത്തിയെന്നും ഇസ്‌ലാമിക ആചാരപ്രകാരമാണ് സംസ്‌കാരം നടത്തിയതെന്നും ഖർമംഗ് നിവാസിയായ ഖാസിം പറഞ്ഞു.
പഴയ സ്‌കർദു-കാർഗിൽ റോഡ് അടച്ചതിനാൽ നിയന്ത്രണ രേഖയുടെ സമീപ പ്രദേശങ്ങളിലുള്ള ജനങ്ങൾ കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ബാൾട്ടിസ്ഥാൻ അവാമി ആക്ഷൻ കമ്മിറ്റി ചെയർമാൻ നജാഫ് അലി ഒരു പ്രസ്‌താവനയിൽ പറഞ്ഞു. ഇരു രാജ്യങ്ങളിലെയും തദ്ദേശീയർക്ക് സൗകര്യമൊരുക്കുന്നതിന് ചരിത്രപരമായ പാതകൾ പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കടലില്‍ പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി: കൊയിലാണ്ടിയിൽ കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു. വലിയമങ്ങാട് സ്വദേശി അനൂപിൻ്റെ (35) മൃതദേഹമാണ് ജൂലൈ എട്ടിന് കണ്ടെത്തിയത്. കൊയിലാണ്ടി ഹാർബറിൻ്റെ തെക്ക് ഭാഗത്തായി ഉപ്പാലക്കണ്ടിയിലാണ് മൃതദേഹം തീരത്തടിഞ്ഞ നിലയിൽ കണ്ടയത്.
ജൂലൈ ആറ് വ്യാഴാഴ്‌ച രാത്രി 10 മണിയോടുകൂടിയായിരുന്നു മത്സ്യതൊഴിലാളിയായിരുന്ന അനൂപിനെ കാണാതായത്. ഹാർബറിന് തെക്കുവശത്ത് ഏകദേശം 500 മീറ്റർ അകലെവച്ചാണ് യുവാവിനെ കാണാതായത്. കൊയിലാണ്ടി ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഏഴിന് രാത്രി നിർത്തിവച്ച തെരച്ചിൽ എട്ടിന് രാവിലെ ആരംഭിക്കാനിരിക്കെയായിരുന്നു അനൂപിന്‍റെ മൃതദേഹം തീരത്തടിഞ്ഞത്.
വീട്ടില്‍ നിന്നും കാണാതായ വയോധികയുടെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തിയിരുന്നു. കോഴഞ്ചേരി പ്രക്കാനത്ത് നിന്നും കാണാതായ സിആര്‍ രമാദേവിയുടെ (60) മൃതദേഹമായിരുന്നു ഇക്കഴിഞ്ഞ മെയ് 31ന് പമ്പയാറ്റിലെ ആറന്മുള സത്രക്കടവില്‍ കണ്ടെത്തിയത്. പ്രക്കാനം ആലുനില്‍ക്കുന്നതില്‍ സജുവിന്‍റെ ഭാര്യയാണ് രമാദേവി.
മെയ് 29ന് രാവിലെ ക്ഷേമനിധി ഓഫിസിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ രമാദേവിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇവർ മൊബൈൽ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. രമാദേവിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. വിവിധ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് രമാദേവി ഓട്ടോറിക്ഷയിൽ വന്നിറങ്ങിയതായി കണ്ടെത്തി.
പിന്നാലെ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ ആശുപത്രി പരിസരത്ത് നിന്ന് ഇവർ എവിടേക്ക് പോയെന്ന് കണ്ടെത്താനായില്ല. ദുരൂഹ സാഹചര്യത്തില്‍ കാണാതായ രമാദേവിക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മെയ് 31ന് പമ്പാനദിയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.