മുംബൈ: മഹാരാഷ്‌ട്രയിലെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അസ്‌ലം ഷെയ്‌ഖിന്‍റെ ഉടമസ്ഥതയിലുള്ള മദ് ഐലന്‍ഡിലെ ഫിലിം സ്റ്റുഡിയോകള്‍ പൊളിച്ചു നീക്കി. അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ബിഎംസി (ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍) ഇന്നലെയാണ് സ്റ്റുഡിയോകള്‍ പൊളിച്ച് നീക്കിയത്. സ്റ്റുഡിയോകള്‍ പൊളിച്ച് നീക്കുന്നതിലുള്ള ഹരിത ട്രിബ്യൂണലിന്‍റെ സ്റ്റേ നീക്കിയതിന് പിന്നാലെയാണ് ബിഎംസിയുടെ നടപടി.
പൊലീസ് കാവലോടെയാണ് സ്റ്റുഡിയോകള്‍ പൊളിച്ച് മാറ്റിയത്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി ആരംഭിച്ചത്.
ബിജെപി നേതാവിന്‍റെ പരാതി: മാലഡിലെ മദ്, മാര്‍വെ, ഭാട്ടി ഏറങ്കല്‍ എന്നിവിടങ്ങളിലെ ഫിലിം സ്റ്റുഡിയോകള്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കിരിത് സോമയ്യ മഹാരാഷ്‌ട്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ അന്വേഷണം തുടങ്ങിയതും നടപടിയിലേക്ക് നീങ്ങിയതും. പരാതിയെ തുടര്‍ന്ന് മുനിസിപ്പൽ കമ്മിഷണർ ഇഖ്‌ബാല്‍ സിങ് ചാഹല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
എന്നാല്‍ അന്വേഷണം നടത്തിയെങ്കിലും തുടര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കിരിത് സോമയ്യ വീണ്ടും വിമര്‍ശനങ്ങളുമായെത്തി. കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് അനുമതിയില്ലാതെയാണെന്നും നിയമവിരുദ്ധത മനസിലാക്കിയിട്ടും കമ്മിഷണര്‍ വിഷയത്തില്‍ നടപടിയെടുക്കുന്നില്ല എന്നുമായിരുന്നു സോമയ്യയുടെ ആരോപണം.
also read: മിഷണറി സ്‌കൂളിലെ ബയോളജി ലാബിൽ മനുഷ്യ ഭ്രൂണം കണ്ടെത്തി ബാലാവകാശ കമ്മിഷൻ; കേസെടുക്കാന്‍ നിര്‍ദേശം
അതേസമയം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും കോടതിയെ സമീപിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ അനുവദിച്ചതെന്ന് ബിഎംസിയോട് ചോദ്യം ഉന്നയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും സോമയ്യ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ നോ ഡെവലപ്പ്മെന്‍റ് സോണിന്‍റെ കീഴിലാണ് അഞ്ച് ഫിലിം സ്റ്റുഡിയോകളും നിര്‍മിച്ചിരിക്കുന്നതെന്നും കമ്മിഷണര്‍ക്ക് ഇതേ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും കിരിത് സോമയ്യ ആവശ്യപ്പെട്ടു.
ഉദ്ധവ് താക്കറെ സര്‍ക്കാറിന്‍റെ അഴിമതികളാണ് നടപടിയിലൂടെ നിലംപൊത്തിയതെന്നും സോമയ്യ പറഞ്ഞു. ആദി പുരുഷ്, രാമസേതു തുടങ്ങിയ സിനിമകള്‍ ചിത്രീകരിച്ചത് ഈ സ്റ്റുഡിയോയില്‍ വച്ചായിരുന്നു.
കേരളത്തിലും സമാന സംഭവം: കേരളത്തില്‍ അടുത്തിടെ ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തിരുവനന്തപുരം വര്‍ക്കലയിലെ തീരദേശ വിനോദ സഞ്ചാര മേഖലയില്‍ പടുത്തുയര്‍ത്തിയ റിസോര്‍ട്ടാണ് നഗരസഭ പൊളിച്ച് നീക്കിയത്. നഗരസഭയുടെ അനുവാദമില്ലാതെ അനധികൃതമായി നിര്‍മിച്ച ക്ലിഫി പാണ്ടേ റിസോര്‍ട്ടാണ് പൊളിച്ച് നീക്കിയത്.
കുന്ന് കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നും അപകടകരമായ നിലയിലാണ് റിസോര്‍ട്ട് നിലകൊള്ളുന്നതെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിക്കാന്‍ നടപടിയെടുത്തത്. റിസോര്‍ട്ട് പൊളിക്കാന്‍ നഗരസഭ ഉത്തരവ് നല്‍കിയിട്ടും ഉടമയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നഗരസഭയുടെ നേതൃത്വത്തില്‍ റിസോര്‍ട്ട് പൊളിച്ച് നീക്കിയത്.