പനജി: ഗോവ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപിയ്ക്ക് വന്‍ വിജയം. മാര്‍ച്ച് 20ന് വോട്ടെടുപ്പ് നടന്ന ആറില്‍ അഞ്ച് നഗരസഭകളിലും ബിജെപിയ്ക്ക് ഭൂരിപക്ഷം ലഭിച്ചു. തലസ്ഥാന നഗരമായ പനജി കോര്‍പ്പറേഷനിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിലും ബിജെപിക്കാണ് ജയം. പനജി എംഎല്‍എയും ബിജെപി നേതാവുമായ അന്‍റനാസിയോ മോണ്‍സെരാറ്റെ നേതൃത്വം നല്‍കിയ പാനല്‍ 30ല്‍ 25 സീറ്റും നേടി. തെരഞ്ഞെടുപ്പ് നടന്ന ആറ് നഗരസഭകളില്‍ ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് പാനലിന് വിജയിക്കാനായത്. പാര്‍ട്ടികള്‍ നേരിട്ട് മത്സരിക്കാതെ നേതാക്കള്‍ നേതൃത്വം നല്‍കുന്ന പാനലുകളാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ജനങ്ങള്‍ വീണ്ടും ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പനജി കോര്‍പ്പറേഷനിലും വിജയിച്ച മറ്റ് നഗരസഭകളിലും കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.