ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി ബിഹാറിൽ നിന്നുള്ള എൻഡിഎയുടെ രാജ്യസഭാ സ്ഥാനാർത്ഥി. എൽജെപി നേതാവും, മുൻ കേന്ദ്രമന്ത്രിയുമായ രാം വിലാസ് പസ്വാൻ അന്തരിച്ചപ്പോൾ ഒഴിവുവന്ന സീറ്റിലേക്കാണ് സുശീൽ കുമാർ മോദിയെ മത്സരിപ്പിക്കുന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഒഴിവുവന്ന സീറ്റിലേക്ക് രാം വിലാസ് പസ്വാന്‍റെ ഭാര്യ റീന പസ്വാനെ മത്സരിപ്പിക്കുമെന്ന സൂചനകളായിരുന്നു പുറത്തുവന്നിരുന്നത്. എന്നാൽ പിന്നീട് സ്ഥാനാർത്ഥിയായി സുശീൽ കുമാർ മോദിയെ തെരഞ്ഞെടുക്കുകയായിരുന്നു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ നിന്ന് മാറി എല്‍ജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. രാം വിലാസ് പസ്വാന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് മകന്‍ ചിരാഗ് പസ്വാന്‍റെ നേതൃത്വത്തിലായിരുന്നു എല്‍ജെപിയുടെ നീക്കം. ഇതേ തുടര്‍ന്നാണ് ബിജെപി നേരിട്ട് മത്സരിക്കാന്‍ തീരുമാനമെടുത്തത്. ജെഡിയുവുമായുളള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് എല്‍ജെപി എന്‍ഡിഎ സഖ്യം വിട്ടത്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഡിസംബർ 14നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. ഡിസംബർ മൂന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കും.