ഹൈദരാബാദ്: ബിജെപി എംഎല്‍എ രാജാ സിംഗിന്‍റെ പ്രവാചക നിന്ദ പരാമർശത്തില്‍ ഹൈദരാബാദില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രശ്‌നബാധിത പ്രദേശങ്ങളിലെ വ്യാപാര സമുച്ചയങ്ങൾ രാത്രി എട്ട് മണിക്ക് മുൻപ് അടച്ചു. പ്രതിഷേധക്കാരില്‍ നൂറോളം പേരെ ഇതിനകം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓൾഡ് സിറ്റിയിൽ കർഫ്യൂ: പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെ നഗരത്തിന്‍റെ പൂർണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. പ്രശ്‌നബാധിത പ്രദേശങ്ങളിൽ ദ്രുതകർമ സേനയെ വിന്യസിച്ചിട്ടുണ്ട്. ചാർമിനാർ, ഗോഷാമഹൽ, മിർ ചൗക്ക് എന്നിവിടങ്ങളിലാണ് പ്രതിഷേധം അക്രമമായത്. മുഗൾപുരയിലും ഷാലിബന്ദയിലും ചിലർ പൊലീസിനു നേരെ കല്ലെറിഞ്ഞു.
പ്രദേശത്ത് ആർപിഎഫ് ഫ്ലാഗ് ഓഫ് നടത്തി. അർദ്ധരാത്രിയിലും പ്രതിഷേധക്കാർ റോഡിൽ ഇറങ്ങി. റാലി നടത്താൻ ശ്രമിച്ചവരെ പൊലീസ് തടയുകയും സ്ഥിതി നിയന്ത്രണാതീതമാക്കാൻ ലാത്തിച്ചാർജ് പ്രയോഗിക്കുകയും ചെയ്‌തു. സമാധാനത്തിന്‍റെയും സുരക്ഷയുടെയും കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത നയമാണ് തെലങ്കാന സർക്കാർ സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി മഹമൂദ് അലി പറഞ്ഞു.