കൊല്‍ക്കത്ത: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ അവകാശങ്ങള്‍ ത്യജിച്ച് ഭരണത്തില്‍ തുടരരുത്. വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബിജെപിയുടെ തെറ്റായ നയങ്ങളില്‍ നിശ്‌ബദമായി ഇരിക്കുന്നതിനേക്കാളും നല്ലത് ജയിലില്‍ കഴിയുന്നതാണെന്ന് മമത വ്യക്തമാക്കി.
ബിജെപി പുറത്ത് നിന്നുള്ളവരാണെന്നും സംസ്ഥാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ബിജെപിയെ ഒരിക്കലും അനുവദിക്കില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. അത്തരം ശ്രമങ്ങളെ തടുത്തുനിര്‍ത്തണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അധികാരത്തിലെത്തിയതിന് ശേഷവും സൗജന്യ റേഷന്‍ നല്‍കുന്നത് തുടരുമെന്ന് മമത വ്യക്തമാക്കി. അടുത്തവര്‍ഷം ജൂണിന് ശേഷവും സൗജന്യ റേഷന്‍ നല്‍കുന്നത് തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 294 സീറ്റിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഏപ്രില്‍- മെയ് മാസങ്ങളിലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.