ബെംഗളൂരു: കർണാടകയിലെ ജയനഗർ മണ്ഡലത്തിൽ നടത്തിയ റീകൗണ്ടിങ്ങിൽ കോണ്‍ഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിക്കെതിരെ 16 വോട്ടിന്‍റെ വിജയം നേടി ബിജെപി സ്ഥാനാർഥി സികെ രാമമൂർത്തി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ശനിയാഴ്‌ച രാത്രി ഏറെ വൈകി പ്രഖ്യാപിച്ച ഫലപ്രഖ്യാപനത്തിലാണ് സികെ രാമമൂർത്തി അട്ടിമറി വിജയം സ്വന്തമാക്കിയത്. മണ്ഡലത്തിൽ ആദ്യം സൗമ്യ റെഡ്ഡിയെയായിരുന്നു വിജയിയായി പ്രഖ്യാപിച്ചിരുന്നത്.
മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന രാമലിംഗ റെഡ്ഡിയുടെ മകളായ സൗമ്യ റെഡ്ഡിയും ബിജെപി സ്ഥാനാർഥി സികെ രാമമൂർത്തിയും തമ്മിലായിരുന്നു ജയനഗറിൽ ഏറ്റുമുട്ടിയിരുന്നത്. ശനിയാഴ്‌ച ഉച്ചയോടെ ഫലം പുറത്തുവന്നപ്പോൾ 160 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സൗമ്യ റെഡ്ഡി വിജയിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷവും തുടങ്ങി.
എന്നാൽ ശരിയായ ഫലമല്ല പുറത്ത് വന്നതെന്നും റീകൗണ്ടിങ് നടത്തണമെന്നുമുള്ള ആവശ്യവുമായി ബിജെപി രംഗത്തെത്തി. പിന്നാലെ റീകൗണ്ടിങ് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ റീകൗണ്ടിങ് നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തെത്തി.
വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി ഡികെ ശിവകുമാർ: പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും സൗമ്യ റെഡ്ഡിയുടെ പിതാവും സംസ്ഥാന യൂണിറ്റ് വർക്കിങ് പ്രസിഡന്‍റ് രാമലിംഗ റെഡ്ഡിയും ഉൾപ്പെടെയുള്ള നേതാക്കൾ വോട്ടെണ്ണൽ നടക്കുന്ന ജയനഗറിലെ ആർവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിന് പുറത്ത് എത്തുകയും വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ അവിടെ തുടരുകയും ചെയ്‌തു. ഇതോടെ ബിജെപി പ്രവർത്തകരും കൂട്ടമായി ഇവിടേക്കെത്തി.
പിന്നാലെ സംഘർഷ സാധ്യത മുന്നിൽ കണ്ട് പൊലീസ് പ്രദേശത്ത് കൂടുതൽ സുരക്ഷയൊരുക്കുകയും ചെയ്‌തിരുന്നു. രാത്രി 12 മണിയോടെയാണ് സികെ രാമമൂർത്തിയെ വിജയിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫലം പുറത്ത് വന്നത്. അതേസമയം രാമമൂർത്തിക്ക് അനുകൂലമായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ഡികെ ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.
ഇതോടെ 224 സീറ്റുകളുള്ള നിയമസഭയിൽ കോണ്‍ഗ്രസിന്‍റെ സീറ്റുകളുടെ എണ്ണം 135 ആയി മാറി. ബിജെപിക്ക് 66 സീറ്റുകളും ജെഡിഎസിന് 19 സീറ്റുകളുമാണ് നേടാനായത്. നേരത്തെ ബിജെപിയുടെ കൈവശമായിരുന്ന ജയനഗര്‍ സീറ്റ് 2018-ല്‍ സൗമ്യ റെഡ്ഡിയിലൂടെയാണ് കോണ്‍ഗ്രസ് തിരിച്ച് പിടിച്ചത്. വിജയിച്ചെങ്കിൽ മന്ത്രി സ്ഥാനത്തേക്കും സൗമ്യയെ പരിഗണിക്കുമായിരുന്നു.
ബഹുദൂരം മുന്നിൽ: അതേസമയം 1999ന് ശേഷം കർണാടകയിലെ എക്കാലത്തെയും മികച്ച വിജയമാണ് കോണ്‍ഗ്രസ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. കേവല ഭൂരിപക്ഷമായ 113 സീറ്റുകൾ ബഹുദൂരം മറികടന്ന് 135ലാണ് കോണ്‍ഗ്രസ് തേരോട്ടം ഫിനിഷ് ചെയ്‌തത്. 43.2 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് കർണാടകയിൽ നേടിയെടുത്തത്.
ബിജെപി 35.7 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ ജെഡി(എസ്) നേടിയത് 13.3 ശതമാനമാണ്. ബിജെപിക്കെതിരെ കടുത്ത മത്സരം കാഴ്‌ചവച്ചാണ് കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമ മേഖലകളിലെ ശക്തമായ പ്രകടനമാണ് കോൺഗ്രസിന് കർണാടകയിൽ മികച്ച വിജയം നേടിക്കൊടുത്തത്.