അഹമ്മദാബാദ് : ദ്രൗപദി മുർമു ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായുള്ള ആഘോഷ പരിപാടിയില്‍ മദ്യപിച്ചെത്തി പങ്കെടുത്തുവെന്ന ആരോപണത്തെ തുടര്‍ന്ന് ഗുജറാത്ത് ബി.ജെ.പി ജില്ല അധ്യക്ഷന്‍ രാജിവച്ചു. ഛോട്ട ഉദേപുര്‍ ജില്ല പ്രസിഡന്‍റ് രശ്‌മികാന്ത് വാസവയാണ് രാജിവച്ചത്. ചടങ്ങിന്‍റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്.
പരിപാടിയില്‍ പങ്കെടുത്ത വനിത മന്ത്രിയുടെ മുഖത്തോട് മുഖം അടുപ്പിച്ച് ഇദ്ദേഹം സംസാരിക്കുന്നതും ആടിക്കുഴഞ്ഞ് നടക്കുന്നതും വേദിയില്‍ ഉറങ്ങുന്നതും വീഡിയോയിലുണ്ട്. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് ഇയാള്‍ മദ്യപിച്ചാണ് മന്ത്രിക്കൊപ്പമുള്ള ചടങ്ങില്‍ പങ്കെടുത്തതെന്ന ആരോപണമുയര്‍ന്നത്.
ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കി. ഇതോടെ, കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് ബി.ജെ.പി ജില്ല നേതാവിന്‍റെ രാജി. രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മു ജയിച്ചതിനെ തുടര്‍ന്ന് ഛോട്ട ഉദേപുരിലെ ഗോത്ര ഭൂരിപക്ഷ പ്രദേശത്ത് നടന്ന ആഘോഷ പരിപാടിയിലാണ് സംഭവം.
നീരസം പ്രകടിപ്പിച്ച് മന്ത്രി : സംസ്ഥാന ഗോത്രവകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി നിമിഷ സുതാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, രശ്‌മികാന്ത് ആടിക്കുഴഞ്ഞ് ആളുകളുമായി സംസാരിക്കുകയും പാര്‍ട്ടിയിലെ മറ്റൊരു നേതാവിന്‍റെ സഹായത്തോടെ വേദിയിലേക്ക് കയറുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന്, വേദിയില്‍ വനിത മന്ത്രിയുടെ മുഖത്തോട് അടുപ്പിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് അവര്‍ നീരസം പ്രകടിപ്പിക്കുന്നതും വ്യക്തമാണ്.
ഛോട്ട ഉദേപുര്‍ ജില്ല ബി.ജെ.പി നേതാവിനോട് രശ്‌മികാന്ത് വാസവ, മോശം ഭാഷയിൽ സംസാരിച്ചതും പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ജില്ല അധ്യക്ഷന്‍റെ അനുചിതമായ പെരുമാറ്റത്തിനെതിരെ പാര്‍ട്ടി മന്ത്രിമാരില്‍ നിന്നും നേതാക്കളില്‍ നിന്നും തന്നെ വലിയ വിമര്‍ശനത്തിന് ഇടവരുത്തുകയുണ്ടായി.