കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി. ബിജെപിയിൽ നിന്ന് മുകുൾ റോയ് വീണ്ടും തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെ തുടര്‍ന്നാണ് നീക്കം.
ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. അതിനിടെ മുകുൾ റോയിയുടെ എംഎല്‍എ സ്ഥാനം റദ്ദാക്കുന്ന കാര്യത്തില്‍ ആദ്യ ഹിയറിങ് വെള്ളിയാഴ്‌ച പൂര്‍ത്തിയായി. നിയമസഭയില്‍ സ്‌പീക്കർ ബിമാൻ ബാനര്‍ജിക്ക് മുന്നിലാണ് ഹിയറിങ് നടന്നത്. ജൂലൈ 30നാണ് അടുത്ത ഹിയറിങ്.
അതേസമയം, മുകുള്‍ റോയിയെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചതില്‍ വലിയ പ്രതിഷേധമാണ് ബിജെപിയില്‍ നിന്നുണ്ടായത്. ഇതേതുടര്‍ന്ന് ബംഗാളില്‍ വിവിധ നിയമസഭ സമിതികളില്‍ നിന്ന് 8 ബിജെപി എംഎല്‍എമാര്‍ രാജിവച്ചു.
മിഹിര്‍ ഗോസ്വാമി, മനോജ് ടിഗ്ഗ, കൃഷ്ണ കല്യാണി തുടങ്ങിയവരാണ് രാജിവച്ചത്. ജൂണ്‍ 11നാണ് മുകുള്‍ റോയിയും മകൻ സുബ്രാൻശു റോയിയും ബിജെപിയില്‍ നിന്ന് തൃണമൂലിലേക്ക് തിരികെയെത്തിയത്.
Also Read: ഇന്ധനവില വര്‍ധന; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍