ന്യൂഡൽഹി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. സംസ്ഥാനത്ത് 91 സ്ഥാനാർഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചു . നിരവധി മന്ത്രിമാർക്ക് ടിക്കറ്റ് നൽകുകയും 16 എംഎൽഎമാരെ പുറത്താക്കുകയും ചെയ്‌തുകൊണ്ടുള്ളതാണ് ബിജെപിയുടെ പുതിയ സ്ഥാനാർഥി പട്ടിക. അയോധ്യ സീറ്റിലേക്ക് സിറ്റിങ് എംഎൽഎയായ വേദ് പ്രകാശ് ഗുപ്‌തയ്ക്കാണ് നറുക്ക് വീണത്. ദളിത് വിഭാഗത്തിൽ നിന്ന് 20 പേരും ഒൻപത് സ്ത്രീകളുമാണ് മത്സര രംഗത്തുള്ളത്.
ബിശ്വ സീറ്റിൽ സിറ്റിങ് എംഎൽഎയായ മഹേന്ദ്ര സിങ്ങിനെ ഒഴിവാക്കി നിർമൽ വർമയെയാണ് പാർട്ടി രംഗത്തിറക്കിയത്. ഫാഫമൗ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ വിക്രംജിത് മൗര്യക്ക് പകരം ഗുരു പ്രസാദ് മൗര്യ മത്സരിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മാധ്യമ ഉപദേഷ്‌ടാവ് ശലഭ് മണി ത്രിപാഠി ഡിയോറിയയിൽ നിന്ന് മത്സരിക്കും.
295 സ്ഥാനാർഥികളെയാണ് ബിജെപി ഇതുവരെ പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലെ 403 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 തീയതികളിലാണ് വോട്ടെടുപ്പ്. മാർച്ച് 10ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.
Also Read: തെരഞ്ഞെടുപ്പിനൊരുങ്ങി ഗോവ; നാമനിർദേശ പത്രിക സമർപ്പിച്ചത് 587 സ്ഥാനാർഥികൾ