ജാംനഗര്‍: ഗുജറാത്തിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിവേഗം നീങ്ങിയടുക്കവെ ഗര്‍ഭിണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി ആരോഗ്യവകുപ്പ്. ഗുജറാത്ത് തീരത്തോട് അടുക്കുമ്പോള്‍ ചുഴലിക്കാറ്റിന് വേഗത കൈവരുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ അറിയിപ്പിന് പിന്നാലെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് 73 ഗര്‍ഭിണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. അതേസമയം മാറ്റിപ്പാര്‍പ്പിക്കല്‍ ദൗത്യം പുരോഗമിക്കുന്നതിനിടെ ഇവരില്‍ ഒമ്പതുപേര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ വച്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.
മുന്നൊരുക്കങ്ങള്‍ ഇങ്ങനെ: ബിപോര്‍ജോയ് തീരം തൊടുമ്പോള്‍ ഏറെ നാശനഷ്‌ടങ്ങള്‍ക്കിടവന്നേക്കാം എന്നത് മുന്‍കൂട്ടി പരിഗണിച്ച് ജാംനഗര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല സ്ഥിതിഗതികള്‍ മുന്‍കൂട്ടി കണ്ട് ജാംനഗര്‍ ജില്ല പഞ്ചായത്തിന് കീഴിലുള്ള ആരോഗ്യവിഭാഗവും ഊര്‍ജിതമായി പ്രവര്‍ത്തിച്ചുവരികയാണ്. ഇതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ദുരന്തം നേരിടാൻ നിലവില്‍ സജ്ജമാണ്. ഇതുകൂടാതെ ദ്രുത കര്‍മ്മ ആരോഗ്യ സേനകളും, മൊബൈല്‍ മെഡിക്കല്‍ ടീമുകളും രോഗികളായ തീരദേശവാസികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചുവരികയാണ്.
ആരോഗ്യസേന സുസജ്ജം: ദുരിത ബാധിത മേഖലയായി പരിഗണിച്ചുപോരുന്ന മറ്റ് ഗ്രാമങ്ങളിലേക്കും ആരോഗ്യ സംഘം തിരിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഗര്‍ഭിണികളെ സര്‍ക്കാര്‍ ആംബുലന്‍സില്‍ കയറ്റി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവിടെ ഇവര്‍ക്കായി 24 മണിക്കൂറും ഡോക്‌ടർമാരുടെയും നഴ്‌സിങ് സ്‌റ്റാഫുകളുടെയും സേവനവും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ എത്തിക്കാനുള്ള സൗകര്യവും ഇവിടങ്ങളില്‍ തയ്യാറാക്കി വച്ചിട്ടുണ്ട്.
അതേസമയം ചുഴലിക്കാറ്റിന്‍റെ തീവ്രത പരിഗണിച്ച് ജാംനഗറില്‍ നിന്ന് മാത്രം 70,000 പേരെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പ്രദേശത്ത് ആദ്യം ഓറഞ്ച് അലര്‍ട്ടായാണ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ പിന്നീട് ഇതുമാറ്റി റെഡ് അലര്‍ട്ടാക്കുകയായിരുന്നു.
അതേസമയം ഗുജറാത്തും മഹാരാഷ്ട്രയും തീരത്തോട് അടുക്കും തോറും ശക്തിപ്രാപിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റിനെ നേരിടാരൊങ്ങുകയാണ്. ബിപോർജോയ് വ്യാഴാഴ്‌ച ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ തീരം തൊടുമെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ഈ മേഖലകളില്‍ നിലവില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.
തീരത്തോട് അടുക്കുമ്പോൾ ചുഴലിക്കാറ്റിന് 150 കീലോമീറ്റർ വേഗത കൈവരുമെന്ന് കാലാവസ്ഥ നിരീക്ഷകരും അറിയിച്ചിരുന്നു. മാത്രമല്ല സുരക്ഷ കണക്കിലെടുത്ത് ഗുജറാത്ത്, മഹാരാഷ്ട്ര തീര മേഖലയില്‍ 67 ട്രെയിനുകൾ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ബീച്ചുകളില്‍ ശക്തമായ ജാഗ്രത നിർദേശവും ജനങ്ങള്‍ക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ ഇങ്ങനെ: ബിപോര്‍ജോയ് കണക്കിലെടുത്ത് മുംബൈ അടക്കമുള്ള തുറമുഖങ്ങളിലും ജാഗ്രത നിർദേശമുണ്ട്. ഇതിന്‍റെ ഭാഗമായി കണ്‌ല, മുന്ദ്ര, ജക്കാവു തുറമുഖങ്ങൾ അടച്ചു. ഇതുകൂടാതെ ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ നിന്ന് 10 കിലോമീറ്റർ വരെയുള്ളവരെ മാറ്റിപ്പാർപ്പിക്കാനും നിർദേശമുണ്ട്. ഇതുപ്രകാരം 37,000 പേരെയാണ് ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്.
ദേശീയ ദുരന്ത നിവാരണ സേനയ്‌ക്കൊപ്പം സൈന്യവും ഇവിടങ്ങളില്‍ രക്ഷ പ്രവർത്തനത്തിനുണ്ട്. ഗുജറാത്തിലെ ദേവ്‌ഭൂമി, ദ്വാരക, രാജ്കോട്ട്, ജാംനഗർ, ജാംനഗർ, ജുവഗഡ്, പോർബന്ധർ, ഗിർ സോംനാഥ്, മോർബി, വാല്‍സദ് എന്നി ജില്ലകളില്‍ ശക്തമായ മുന്നൊരുക്കങ്ങളാണ് ജില്ല ഭരണകൂടങ്ങളും നടത്തുന്നത്. ജൂൺ 16 വരെ ഗുജറാത്ത്, മഹാരാഷ്ട്ര തീരത്ത് മത്സ്യബന്ധനത്തിനും നിരോധനമുണ്ട്.